കുമളി: കേരളത്തിലെത്തുന്ന വിഷം കലര്‍ന്ന പച്ചക്കറി തടയുന്നതിനുള്ള കേരളത്തിന്റെ നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ച് നടത്തും. വ്യാഴാഴ്ച രാവിലെ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റിലേക്കാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുക.
കേരളത്തിലേക്കെത്തിക്കുന്ന പച്ചക്കറികളുടെ വിവരങ്ങള്‍ ചെക്ക് പോസ്റ്റില്‍ രേഖപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. പച്ചക്കറി വാഹന പരിശോധന പൂര്‍ണമായും ഒഴിവാക്കണമെന്നും കേരളം മുന്നോട്ട് വെച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷാ നിബന്ധനകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
വിടുതലൈ ചിരുതൈ സംഘം, ഫോര്‍വേഡ് ബ്ലോക്ക് കര്‍ഷകസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതിര്‍ത്തിക്ക് ആറ് കിലോമീറ്റര്‍ മുമ്പ് മാര്‍ച്ച് പോലീസ് തടയുമെന്നാണ് റിപ്പോര്‍ട്ട്.