| Tuesday, 20th July 2021, 5:21 pm

കഥ കേട്ടപ്പോള്‍ മീര ജാസ്മിന്‍ തന്നെ ഒഴിവാക്കരുതെന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി; ഇന്നത്തെ ആ ബോളിവുഡ് താരത്തിനായി കരുതിയ റോള്‍ നടിയിലേക്കെത്തി: സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന നടിയായിരുന്നു മീര ജാസ്മിന്‍. റണ്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ തമിഴിലെത്തുന്നത്.

റണ്‍ സിനിമയുടെ സംവിധായകനായ ലിംഗുസ്വാമി സംവിധാനം ചെയ്ത സണ്ടക്കോഴി മീര ജാസ്മിന് തമിഴില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. ഇപ്പോള്‍ സണ്ടക്കോഴിയിലേക്ക് മീര ജാസ്മിന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് ലിംഗുസ്വാമി. ടൂറിംഗ് ടാക്കീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2005ലാണ് സണ്ടക്കോഴി ഇറങ്ങുന്നത്. അന്ന് വലിയ നായകനല്ലാതിരുന്ന വിശാലിനെയായിരുന്നു ചിത്രത്തിലേക്ക് തീരുമാനിച്ചിരുന്നത്. സിനിമയുടെ ചര്‍ച്ച നടക്കുന്നതിനിടെ ഒരു ദിവസം മീര ജാസ്മിന്‍ ഓഫീസിലെത്തിയെന്ന് ലിംഗുസാമി പറയുന്നു.

പുതിയ സിനിമയുടെ വിവരങ്ങളെല്ലാം ചോദിച്ച നടി കഥ കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. നിങ്ങള്‍ അഭിനയിക്കാത്ത സിനിമയുടെ കഥ എന്തിനാണെന്ന് താന്‍ ചോദിച്ചെങ്കിലും കഥ കേള്‍ക്കണമെന്ന് വാശി പിടിച്ച് മീര ജാസ്മിന്‍ അവിടെ തന്നെയിരുന്നു.

ഒടുവില്‍ കഥ പറഞ്ഞതും തന്നെ ഈ ചിത്രത്തില്‍ ഒഴിവാക്കിയത് എന്തിനാണെന്ന് ചോദിച്ച് മീര കരയാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.

പുതിയ നായികയെയാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തനിക്ക് ആ റോള്‍ തരണമെന്ന് നിര്‍ബന്ധിച്ചുവെന്നും വിശാലിനോടും നിര്‍മാതാക്കളോടും സംസാരിക്കാമെന്ന് മീര പറഞ്ഞുവെന്നുമാണ് ലിംഗുസാമി പറയുന്നത്.

ആ സമയത്ത് കന്നടയില്‍ അഭിനയിക്കുകയായിരുന്ന ദീപിക പദുക്കോണിനെയായിരുന്നു സിനിമയിലേക്ക് ആദ്യം വിചാരിച്ചിരുന്നതെന്നും അവര്‍ 20 ലക്ഷം പ്രതിഫലം ആവശ്യപ്പെട്ടതോടെ ഒഴിവാക്കുകയായിരുന്നെന്നും ലിംഗുസാമി പറഞ്ഞു.

പിന്നീട് മീര ജാസ്മിനെ തന്നെ ചിത്രത്തിലേക്ക് നായികയായി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മീരയ്ക്ക് തമിഴിലും തിരക്കേറിയെന്നും ലിംഗുസാമി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tamil Director Lingusamy about Meera Jasmine and Sandakozhi movie

We use cookies to give you the best possible experience. Learn more