തമിഴ് പത്രം 'ദിനമലറി'നും ഷാര്‍ലി ഹെബ്ദോയുടെ അവസ്ഥവരുമെന്ന് ഭീഷണി
Daily News
തമിഴ് പത്രം 'ദിനമലറി'നും ഷാര്‍ലി ഹെബ്ദോയുടെ അവസ്ഥവരുമെന്ന് ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th January 2015, 12:14 pm

dinamalar-01തമിഴ് ദിനപത്രം “ദിനമലറി”ന് ഭീഷണി സന്ദേശം. ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലി ഹെബ്ദോയില്‍ നടത്തിയത് പോലെ ഒരാക്രമണം ദിനമലറിനെതിരെയും ഉണ്ടാകുമെന്ന് പറഞ്ഞാണ് ഭീഷണി വന്നിരിക്കുന്നത്.

“ഞങ്ങള്‍ക്ക് പത്രത്തില്‍ നിന്ന് ഒരു ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.” ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇംഗ്ലീഷിലാണ് കത്ത് വന്നിരിക്കുന്നതെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

“ഇന്നലെ പാരീസിലെ ഷാര്‍ലി ഹെബ്ദോയാണെങ്കില്‍ നാളെ ദിനമലര്‍ ആയിരിക്കും” എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഇന്ത്യന്‍ മേപ്പിന്റെ പശ്ചാത്തലത്തിനെതിരെയാട്ടാണ് കത്തില്‍ അക്ഷരങ്ങള്‍ ഉള്ളത്.

പോസ്റ്റ് വഴിയാണ് കത്ത് വന്നിരിക്കുന്നത്. ആരാണ് കത്ത് അയച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. “ദ ബേസ് മൂവ്‌മെന്റ്, 3/10, ഉക്കാടം, കോവൈ, തമിഴ്‌നാട്, ഇന്ത്യ” എന്ന മേല്‍വിലാസത്തില്‍ നിന്നാണ് കത്ത് വന്നിരിക്കുന്നത്.

മേപ്പിനടിയില്‍ ഒസാമ ബിന്‍ ലാദന്റെ ഫോട്ടോയും അല്‍ഖ്വയിദ എന്നും ഒപ്പിട്ടിരിക്കുന്നത് പോലെ അറബി അക്ഷരങ്ങളും ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

“ഇത് ചിലപ്പോള്‍ വ്യാജമായിരിക്കും അല്ലെങ്കില്‍ കളിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരിക്കും. അല്ലെങ്കില്‍ ഇതിനെന്തെങ്കിലും ഒരു പ്രത്യേക ലക്ഷ്യം ഉണ്ടാവും… ഞങ്ങള്‍ക്ക് അറിയില്ല…. അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളു.” അധികൃതര്‍ പറഞ്ഞു.  പത്രത്തിന്റെ ഓഫീസില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.