ഉലകനായകന്‍ കമല്‍ഹാസന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും തമിഴ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. 2020 ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപിക്കുകയും ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.
സിനിമയില്‍ നിന്ന് തന്നെ തമിഴ് രാഷ്ട്രീയത്തിലെക്ക് രണ്ട് പ്രബലര്‍ എത്തുമ്പോള്‍ മറ്റൊരു എം.ജി.ആര്‍ – കരുണാനിധി കാലഘട്ടമായിരിക്കുമോ എന്നാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുന്നത്.
സിനിമയും രാഷ്ട്രീയവും തമിഴ്‌നാട്ടില്‍ പരസ്പരം ഇഴപിരിയാത്ത ഒന്നാണ്. 1969 മുതല്‍ സിനിമയുമായി ബന്ധമുള്ള വ്യക്തികളാണ് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഇതിനൊരു മാറ്റമുണ്ടായത്.
സിനിമയിലെ മിന്നുന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു.
ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് അദ്ദേഹത്തെ സമീപിക്കുന്നത്. ഈ സിനിമയില്‍ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി.
പുതിയ ഒരു സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും തുടക്കമായിരുന്നു അത്. കരുണാനിധിയുടെ രാജകുമാരിയാണ് എം.ജി.ആറിനെ തമിഴ്‌നാട്ടില്‍ സൂപ്പര്‍ താരമായി ഉയര്‍ത്തിയത്. ഇതിന് പിന്നാലെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങളുമായി എം.ജി.ആര്‍ പരിചിതനായി മാറി.
1969ല്‍ കരുണാനിധി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി മാറി. 1976 വരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. എന്നാല്‍ തര്‍ക്കത്തിനെ തുടര്‍ന്ന് എം.ജി.ആറും, കരുണാനിധിയും വേര്‍പിരിയുകയും 1972 ല്‍ എം.ജി.ആര്‍ എ.ഐ.എഡി.എം.കെ സ്ഥാപിക്കുകയും ചെയ്തു. 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം.ജി.ആര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി മാറി.
പിന്നീട് എം.ജി.ആറിന്റെ മരണ ശേഷം പാര്‍ട്ടി രണ്ട് വിഭാഗങ്ങളായി വേര്‍തിരിയുകയും എം.ജി.ആറിന്റെ ഭാര്യ വി.എന്‍ ജാനകിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും ജയലളിതയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും ഉടലെടുത്തു. തമിഴ്‌നാടിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി വി.എന്‍ ജാനകി അധികാരത്തിലെത്തിയെങ്കിലും അത് അധികകാലം നീണ്ടു നിന്നില്ല. ജയലളിതയുടെ നേതൃത്വത്തില്‍ എ.ഐ.എഡി.എം.കെ ശക്തിപ്രാപിക്കുകയും ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയും ചെയ്തു. ഇതിനിടെ ശിവാജി ഗണേഷന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന് സിനിമയിലെ വ്യക്തി പ്രഭാവം രാഷ്ട്രീയത്തില്‍ കാണിക്കാന്‍ കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ക്കിപ്പുറം എം.ജി.ആറിനെയും കരുണാനിധിയെയും പോലെ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. രണ്ട് പേരും തമിഴ് സിനിമാ ലോകത്തെ ഏറ്റവും വലിയ സ്റ്റാറുകള്‍. ഉലകനായകന്‍ കമല്‍ഹാസനും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും.
കമല്‍ – രജനി സൗഹൃദം, രാഷ്ട്രീയം
കമല്‍ഹാസന്‍ നായകനായ അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമാ ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്. ഇരുവരുടെയും സൗഹൃദവും ഇവിടെ നിന്നാണ് ആരംഭിച്ചത്. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കമല്‍ നായകനും രജനി വില്ലനും ആയി തുടങ്ങിയ ആ സിനിമാ ജീവിതം പിന്നീട് ഇരു ധ്രുവങ്ങളിലുള്ള സിനിമാ ജീവിതമായി മാറുകയായിരുന്നു.
കലാമൂല്യമുള്ള സിനിമകളില്‍ കമല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോല്‍ ബഹുഭൂരിപക്ഷം വരുന്ന തമിഴ്‌നാട്ടിലെ സാധാരണക്കാരായ ആളുകളെ സന്തോഷിപ്പിക്കുന്നതിനും തൃപ്തിപ്പെടുത്തുന്നതുമായ സിനിമകളില്‍ രജനി ശ്രദ്ധ കേന്ദ്രീകരിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് പേരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. കമല്‍ഹാസന്‍ നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. 2018 ലായിരുന്നു കമല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ച് തുടങ്ങുകയും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീനം കാണിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയായത്. രജനി രാഷ്ട്രീയത്തിലേക്ക് വരുമോ, അതോ കമലിനൊപ്പം മക്കള്‍ നീതി മയ്യത്തില്‍ പ്രവര്‍ത്തിക്കുമോ എന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് കമല്‍ഹാസനുമായി രാഷ്ട്രീയത്തില്‍ സഖ്യമുണ്ടാക്കുമെന്ന് രജനി സൂചന നല്‍കുകയും ചെയ്തു. ജനങ്ങള്‍ക്കു വേണ്ടി അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഞങ്ങള്‍ ഉറപ്പായും സഖ്യത്തിലെത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ’44 വര്‍ഷമായി ഞങ്ങള്‍ സൗഹൃദത്തിലാണ്. തമിഴ്നാടിന്റെ വികസനത്തിനായി ഞങ്ങള്‍ ഒരുമിക്കണമെങ്കില്‍ അതുണ്ടാകും.’ എന്നായിരുന്നു രജനിയുടെ പ്രതികരണം. കമല്‍ഹാസനും ഇതേ നിലപാട് ആയിരുന്നു സ്വീകരിച്ചത്.
വേണ്ടസമയത്ത് തങ്ങള്‍ ഒരുമിക്കുമെന്നായിരുന്നു കമല്‍ഹാസന്‍ പ്രതികരിച്ചത്. രജനീകാന്ത് മക്കള്‍ നീതി മയ്യത്തില്‍ ചേരില്ലെന്നും പകരം തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.
അതേസമയം രാഷ്ട്രീയപരമായി ഇരുവരും എങ്ങിനെ ഒന്നിച്ച് പോകുമെന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. ഡി.എം.കെയോട് അടുത്ത നില്‍ക്കുന്ന രാഷ്ട്രീയമാണ് കമല്‍ഹാസന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇടുപക്ഷ രാഷ്ട്രീയത്തെയും കമല്‍ഹാസന്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെയും എന്‍.ഡി.എ സഖ്യകക്ഷിയും തമിഴ്‌നാട് ഭരണ കക്ഷിയുമായ എ.ഐ.എഡി.എം.കെയും കമല്‍ ഒരേപോലെ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നതു പോലെതന്നെ എ.ഐ.എ.ഡി.എം.കെയുടെയും നിശിത വിമര്‍ശകനായിരുന്നു കമല്‍. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഡി.എം.കെ സ്വീകരിച്ചിരിക്കുന്ന നിലപാട് തന്നെയായിരുന്നു കമലും സ്വീകരിച്ചതും.
എന്നാല്‍ മറുവശത്ത് രജനീകാന്ത് അങ്ങനെയല്ല. വ്യക്തമായി പ്രത്യയശാസ്ത്രം എന്തെന്ന് രജനികാന്ത് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ നിലപാടുകളാണ് പലപ്പോഴും രജനികാന്ത് പ്രകടിപ്പിച്ചത്. താന്‍ ബി.ജെ.പിയിലേക്കില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയെങ്കിലും രജനീകാന്തും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയെപ്പറ്റി പലതവണ ചര്‍ച്ചകള്‍ വന്നതാണ്.
മുമ്പ്, കാല, കബാലി സിനിമകളില്‍ ദളിത് രാഷ്ട്രീയം പറയുകയും ഹിന്ദുത്വയെക്കെതിരെ നിലപാടുകള്‍ സിനിമയില്‍ പ്രഖ്യാപിച്ചെങ്കിലും എല്ലാഴ്‌പ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകുലമായിട്ടുള്ള പ്രസ്താവനകളാണ് രജനി സ്വീകരിച്ചത്. ഇതിന് പുറമെ ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗം തലവനായിരുന്ന അര്‍ജുന്‍ മൂര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുകയും രജനികാന്തിന്റെ പാര്‍ട്ടിയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.
ആത്മീയ രാഷ്ട്രീയമാണ് താന്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും ഇത് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുമെന്നുമാണ് രജനികാന്ത് പറയുന്നത്. അതേസമയം നോട്ട് നിരോധനത്തെ സ്വാഗതം ചെയ്യുകയും തൂത്തുക്കുടി എന്‍കൗണ്ടറിനെ ന്യായീകരിക്കുകയും ചെയ്ത രജനികാന്ത് അമിത് ഷായെയും മോദിയെയും നിരന്തരം പ്രശംസിക്കാനും മറന്നിട്ടില്ല. മോദിയും, അമിത് ഷായും കൃഷ്ണനും അര്‍ജ്ജുനനും പോലെയാണെന്ന് രജനി പറയുകയും ചെയ്തിരുന്നു.
നിലവില്‍ ജയലളിതയുടെ മരണത്തോടെ എ.ഐ.എഡി.എം.കെയില്‍ അധികാര തര്‍ക്കവും തൊഴുത്തില്‍ കുത്തും കൂടുതലാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് വരാന്‍ കഴിയുമോ എന്നും പാര്‍ട്ടിക്ക് സംശയമുണ്ട്. ഇതിന് പുറമെ ശശികലയുടെ ശിക്ഷാ കാലാവധി അവസാനിക്കുന്നതോടെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. സഖ്യകക്ഷിയായ എ.ഐ.എഡി.എം.കെയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വിലയിരുത്തലില്‍ ബി.ജെ.പി സ്‌പോണ്‍സര്‍ഷിപ്പോടെ തമിഴ്‌നാടിനെ കാവി പുതപ്പിക്കാനുള്ള ശ്രമങ്ങളാണ് രജനികാന്തിലൂടെ നടപ്പിലാക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം രജനിയും കമലും ഒന്നിച്ചാലും ഇല്ലെങ്കിലും തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളായ എ.ഐ.എ.ഡി.എം.കെയുടെയും ഡി.എം.കെയുടെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമോയെന്നുള്ളതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി രൂപീകരിച്ച നടന്‍ വിജയകാന്തിന് ആദ്യ ശ്രമത്തില്‍ എട്ടുശതമാനം വോട്ടാണു ലഭിച്ചത്. അന്ന് ജയലളിതയും എം. കരുണാനിധിയും പ്രബല ശക്തിയായി തമിഴ് രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. ആ സാഹചര്യത്തിലും വിജയകാന്തിനു സാന്നിധ്യം അറിയിക്കാനായി.
ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ, കമലിന്റെ പാര്‍ട്ടിക്കു ലഭിച്ചത് 3.7 ശതമാനം വോട്ടാണ്. തമിഴ്നാട്ടില്‍ കമലിനേക്കാള്‍ ജനപിന്തുണയുള്ള രജനിക്ക് അതിനേക്കാള്‍ വോട്ട് നേടാനാകുമെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ കരുതുന്നത്.