'മഞ്ചുമ്മള്‍' ബോയ്‌സ് കേരളത്തില്‍ ആവറേജ് മാത്രം, തമിഴ്‌നാട്ടുകാര്‍ എന്തിന് ഇത്ര ഹൈപ്പ് കൊടുക്കണം: വിവാദപരാമര്‍ശവുമായി തമിഴ് നടി മേഘ്‌ന
Entertainment
'മഞ്ചുമ്മള്‍' ബോയ്‌സ് കേരളത്തില്‍ ആവറേജ് മാത്രം, തമിഴ്‌നാട്ടുകാര്‍ എന്തിന് ഇത്ര ഹൈപ്പ് കൊടുക്കണം: വിവാദപരാമര്‍ശവുമായി തമിഴ് നടി മേഘ്‌ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th March 2024, 1:11 pm

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഗംഭീര കളക്ഷനുമായി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടുകാരും ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ രജിനികാന്ത് അതിഥിവേഷത്തിലെത്തിയ ലാല്‍ സലാമിന്റെ തമിഴ്‌നാട് കളക്ഷനെയും മറികടന്നു. അതോടൊപ്പം തമിഴ്‌നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രവുമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

എന്നാല്‍ ചിത്രത്തിനെതിരെ മോശം പ്രതികരണവുമായി വന്നിരിക്കുകയാണ് നടി മേഘ്‌ന എല്ലന്‍. കഴിഞ്ഞ ദിവസം റിലീസായ അരിമപ്പട്ടി ശക്തിവേല്‍ എന്ന ചിത്രത്തിലെ നായികയാണ് മേഘ്‌ന. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം മേഘ്‌ന നടത്തിയ പ്രസ്താവനയാണ് വിവാദമായത്. എന്തിനാണ് ഒരു മലയാള സിനിമക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും, കേരളത്തില്‍ ഈ സിനിമ വെറും ആവറേജ് മാത്രമാണെന്നുമാണ് മേഘ്‌ന പറഞ്ഞത്. ഞാന്‍ ഒരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം സംസാരിച്ചത്. എന്നാല്‍ സിനിമയുടെ പേര് പോലും ശരിക്ക് പറയാന്‍ കഴിയാതെ ‘മഞ്ചുമ്മള്‍ ബോയ്‌സ്’ എന്നാണ് മേഘ്‌ന പറഞ്ഞത്.

‘ഞാനും ഒരു മലയാളിയാണ്. നിങ്ങള്‍ പറയുന്ന ആ ചെറിയ സിനിമ, ‘മഞ്ചുമ്മള്‍’ ബോയ്‌സ,് അതിന് കേരളത്തില്‍ പോലും ആവറേജ് അഭിപ്രായമാണ് ഉള്ളത്. ആ സിനിമ എന്തിനാണ് ഇവിടെ ഇത്ര വലിയ രീതിയില്‍ ആഘോഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാനും ഈ സിനിമ കണ്ടതാണ്. അത്ര വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെ വരുന്ന ചെറിയ സിനിമകളെ സപ്പോര്‍ട്ട് ചെയ്താല്‍ മാത്രമാണ് ഇവിടെയും ചെറിയ സിനിമകള്‍ ചെയ്യാന്‍ ധൈര്യമുണ്ടാകുള്ളൂ. അത്രയ്‌ക്കൊക്കെ ആഘോഷമാക്കാന്‍ മഞ്ചുമ്മള്‍ ബോയ്‌സില്‍ എന്താണുള്ളതെന്ന് എനിക്ക് മനസിലായില്ല,’ മേഘ്‌ന പറഞ്ഞു.

എന്നാല്‍ സംവിധായകന്‍ ഇതിനിടയില്‍ ഇടപെട്ട്, ഇമോഷണല്‍ കണക്ടാക്കാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് സാധിച്ചെന്ന് പറഞ്ഞു. ഇതിന് പിന്നാലെയാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത്. നടിക്കെതിരെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും വിമര്‍ശനവുമായി പലരും രംഗത്തെത്തി. സ്വന്തം സിനിമക്ക് ആളില്ലാത്തതിന് വേറെ സിനിമയെ എന്തിനാണ് കുറ്റം പറയുന്നത്, നല്ല സിനിമകളെ അംഗീകരിക്കാന്‍ പഠിക്കൂ എന്നൊക്കെയാണ് വിമര്‍ശനം.

2017ല്‍ ഉരുതിക്കോല്‍ എന്ന സിനിമയിലൂടെയാണ് മേഘ്‌ന സിനിമാരംഗത്തേക്കെത്തിയത്. തുടര്‍ന്ന് ബൈരി, ഐ.പി.സി 370 എന്നീ സിനിമകളിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്.

Content Highlight: Tamil actress Meghna Ellan’s statemenet about Manjummel Boys becomes controversial