| Thursday, 20th June 2019, 12:27 pm

നിറത്തിന്റെ പേരില്‍ പല സംവിധായകരും പരിഹസിച്ചിട്ടുണ്ട്: വേദിയില്‍ നിറകണ്ണുകളോടെ അനുഭവം തുറന്ന് പറഞ്ഞ് നടി കീര്‍ത്തി പാണ്ഡ്യന്‍, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സിനിമാ മേഖലയില്‍ നിന്നും തനിക്കു നേരിട്ട വിവേചനം തുറന്നുപറഞ്ഞ് പുതുമുഖ നായിക കീര്‍ത്തി പാണ്ഡ്യന്‍. ഹരീഷ് റാം സംവിധാനം ചെയ്യുന്ന തുമ്പ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ജൂണ്‍ 21ന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്കിടെ തന്റെ ആദ്യ സിനിമാനുഭവം പങ്കുവയ്ക്കുമ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. തന്റെ ശരീരപ്രകൃതിയെ കുറിച്ചും നിറത്തെക്കുറിച്ചും സിനിമാ മേഖലയിലുള്ള പലരും മോശമായി സംസാരിച്ചിട്ടുണ്ടെന്ന് കീര്‍ത്തി പറഞ്ഞു.

‘എന്റെ ശരീരപ്രകൃതത്തെ കുറിച്ച് മോശം കമന്റുകള്‍ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്. ഞാനെങ്ങനെയാണോ അതില്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ക്യാമറ ടെസ്റ്റിനു വിളിച്ചപ്പോഴും എന്റെ നിറമോ ശരീരപ്രകൃതിയോ അദ്ദേഹത്തിന് പ്രശ്‌നമായി തോന്നിയില്ല.

ഇതു പറയാന്‍ കാരണം, ഏകദേശം മൂന്നര വര്‍ഷമായി പല സംവിധായകരും എന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തില്‍ കമന്റുകള്‍ പറയുമായിരുന്നു. എന്നെപ്പോലെ ഇരിക്കുന്ന ഒരാളെ ആരെങ്കിലും സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെടുമോ, നിറം കുറവല്ലേ, എന്നുള്ള ചോദ്യങ്ങളായിരുന്നു അവസരങ്ങള്‍ തേടിപ്പോയപ്പോള്‍ എനിക്ക് ലഭിച്ചത്. ഇങ്ങനെ ആവര്‍ത്തിച്ച് കേള്‍ക്കേണ്ടി വന്നപ്പോള്‍ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്നാല്‍ ഹരീഷ് അങ്ങനെയായിരുന്നില്ല. എന്നോട് തടി വയ്ക്കണമെന്നോ, ഏതെങ്കിലും രീതിയില്‍ കാഴ്ചയില്‍ മാറ്റം വരുത്തണമെന്നോ ആവശ്യപ്പെട്ടിരുന്നില്ല’- കീര്‍ത്തി പറഞ്ഞു.

‘ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ കഴിവില്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്കു വേണ്ടി അദ്ദേഹം ചെയ്തത് വലിയൊരു കാര്യമാണ്. അതെനിക്ക് മറക്കാന്‍ കഴിയില്ല’- കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി അഭിനയിച്ച അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി. അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അരുണ്‍ പാണ്ഡ്യന്‍ ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തിലും സജീവമാണ്.

കീര്‍ത്തിക്ക് നേരിടേണ്ടി വന്നതിന് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് സഹതാരമായ ദീനയും പങ്കുവച്ചു. നിറത്തെയും ശരീരപ്രകൃതിയേയും പരിഹസിക്കുന്ന തരത്തില്‍ നിരവധി കമന്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം വരാറുണ്ടെന്ന് ദീന പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more