എം.ജി.ആര്‍ മുതല്‍ വിജയ് വരെ....... സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന് നില്‍ക്കുന്ന തമിഴ് സമൂഹം
Entertainment
എം.ജി.ആര്‍ മുതല്‍ വിജയ് വരെ....... സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന് നില്‍ക്കുന്ന തമിഴ് സമൂഹം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd February 2024, 5:19 pm

ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വിജയ് തന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ഫാന്‍സ് അസോസിയേഷനെയാണ് രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റിയത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തുന്ന ആദ്യ നടനല്ല വിജയ്. ഇതിന് മുന്‍പ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തി അതില്‍ ജയിച്ചവരും തോറ്റവരുമുണ്ട്. ആരൊക്കെയാണ് അവരെന്ന് നോക്കാം.

തമിഴില്‍ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണ് പലപ്പോഴും സിനിമ. സ്‌ക്രീനിലെ നായകനെ ദൈവത്തെപ്പോലെ കണ്ട് ആരാധിക്കുന്ന വെള്ളിത്തിരയിലെ ഹീറോയിസം ജീവിതത്തിലും തുടരുമെന്ന് കരുതുന്നവരാണ് ഒരു വിഭാഗം തമിഴ്‌നാട്ടുകാര്‍. സിനിമയും രാഷ്ട്രീയവും ഒന്നാക്കി മാറ്റുന്നതിന് തുടക്കം കുറിച്ചത് എം.ജി.ആറാണ്. തമിഴ് മക്കള്‍ പുരട്ചി തലൈവര്‍ (വിപ്ലവ നായകന്‍) എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന വാദ്ധ്യാര്‍ സാധാരണക്കാരനു വേണ്ടി ശബ്ദമുയര്‍ത്തുന്ന നായകനായി പലപ്പോഴും സ്‌ക്രീനില്‍ വരികയും അതിലൂടെ ജനപ്രിയനാവുകയും ചെയ്തു. നമ്മ വീട്ടു പിള്ളൈ, ഏഴൈത്തോഴന്‍, ആയിരത്തില്‍ ഒരുവന്‍, ഉലകം ചുറ്റും വാലിബന്‍ തുടങ്ങിയ സിനിമകള്‍ എം.ജി.ആറിന്റെ രാഷ്ട്രീയ ജീവിതത്തിന് നല്‍കിയ മൈലേജ് ചെറുതല്ല. 1967ല്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിന് വേണ്ടി ഇലക്ഷന് നിന്ന് എം.എല്‍.എ.യായ എം.ജി.ആര്‍ 1972ല്‍ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പേരില്‍ സ്വന്തമായി ഒരു പാര്‍ട്ടി ആരംഭിക്കുകയും 1977ല്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചരിത്രം കുറിക്കുകയും ചെയ്തു.

എം.ജി.ആറിന്റെ പിന്‍ഗാമിയായി മാറിയ ജയലളിതയാണ് രാഷ്ട്രീയത്തില്‍ തിളങ്ങിയ മറ്റൊരു സിനിമാതാരം. എം.ജി.ആറിന്റെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും എം.ജി.ആര്‍ തന്നെ. എനാനല്‍ എം.ജി.ആറിന്റെ കാലശേഷം പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തുകയും പിന്നീട് 1991ല്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2001 മുതല്‍ 2015 വരെ തമിഴ്‌നാട്ടില്‍ ജയലളിത യുഗമായിരുന്നു. തമിഴ് മക്കളുടെ ‘അമ്മ’യായി ജയലളിത മാറി.

ഇവര്‍ക്കു ശേഷം സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയ ആളാണ് വിജയകാന്ത്. തമിഴരുടെ സ്വന്തം ക്യാപ്റ്റന്‍. 1980കളില്‍ സിനിമയിലെത്തി, 9കളില്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി തിളങ്ങിയ ക്യാപ്റ്റന്‍, 2006ലാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചത്. ദേശീയ മുര്‍പോക്കു ദ്രാവിഡ കഴകം എന്നായിരുന്നു പാര്‍ട്ടിയുടെ പേര്. 2011ല്‍ ജയലളിത മന്ത്രിസഭയില്‍ 29 സീറ്റില്‍ ജയിച്ച് പ്രതിപക്ഷനേതാവായി മാറി. എന്നാല്‍ 2016ന് ശേഷം രാഷ്ട്രീയത്തില്‍ വേണ്ട രീതിയില്‍ ശോഭിക്കാനായില്ല.

1990കളില്‍ സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ശരത് കുമാര്‍. തന്റെ ജനപിന്തുണ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുകയും, 1996ല്‍ ഡി.എം.കെ യില്‍ ചേര്‍ന്ന് ഇലക്ഷന് നില്‍ക്കുകയും ചെയ്തു. എന്നാല്‍ ആ തെരഞ്ഞടുപ്പില്‍ വിജയിക്കാനായില്ല. 2001ല്‍ രാജ്യസഭാ മെമ്പറാവുകയും, 2007ല്‍ ഡി.എം.കെ വിട്ട്
ആള്‍ ഇന്ത്യ സമത്വ മക്കള്‍ കട്ചി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ ചേരുകയും ചെയ്തു. 2011ലെയും, 2016ലെയും ഇലക്ഷനില്‍ ജയിച്ച് എം.എല്‍.എ ആവുകയും ചെയ്തു.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തി ജയിച്ചവര്‍ മാത്രമല്ല, തോറ്റവരുമുണ്ട്. നടികര്‍ തിലകം എന്നറിയപ്പെട്ടിരുന്ന ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍ എന്നിവര്‍ രാഷ്ട്രീയത്തിലേക്കിറങ്ങി പരാജയം രുചിച്ചവരാണ്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഇടയ്ക്ക് ചര്‍ച്ചാവിഷയമായിരുന്നെങ്കിലും ഇപ്പോള്‍ സിനിമയില്‍ മാത്രമാണ് താരത്തിന്റെ ശ്രദ്ധ. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ അനുകൂലിക്കുന്ന രജനിക്ക് തമിഴ് രാഷ്ട്രീയത്തില്‍ എത്ര കണ്ട് ശോഭിക്കാനാകുമെന്നായിരുന്നു ആ സമയത്തെ ചര്‍ച്ചാ വിഷയം.

ഏറ്റവുമൊടുവില്‍ ഈ ജനറേഷനിലെ ഏറ്റവും വലിയ താരമെന്ന് പറയപ്പെടുന്ന വിജയ്‌യും ഔദ്യോഗികമായി രാഷ്ട്രീയപ്രവേശനം അറിയിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം വെക്കുന്നത്. ഒരു മുന്നണിയുമായും സന്ധി ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുമോ അതോ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമോ എന്നതാണ് ചോദ്യം. ഇതിന് മുന്‍പ് പല സിനിമകളിലൂടെയും പ്രസംഗങ്ങളിലൂടെയും കേന്ദ്ര സര്‍ക്കാരിനെതിരെയും, എ.ഐ.എ.ഡി.എം.കെ. ക്കെതിരെയും വിജയ് ശബ്ദമുയര്‍ത്തിയിരുന്നു. 2013ല്‍ തലൈവാ എന്ന സിനിമയുടെ പേരിനെച്ചൊല്ലി ജയലളിതാ സര്‍ക്കാര്‍ റിലീസ് തടഞ്ഞിരുന്നു. അതിന് ശേഷം 2017ല്‍ മെര്‍സല്‍ എന്ന സിനിമയില്‍ ബി.ജെ.പി ക്കെതിരെയുള്ള ഡയലോഗ് വിവാദമാവുകയും ബി.ജെ.പി എം.എല്‍.എ. മാര്‍ വിജയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

2020ല്‍ സി.ഐ.എ പ്രക്ഷോഭ സമയത്ത് വിജയ്‌യുടെ വീട്ടിലും ലൊക്കേഷനിലും ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയിരുന്നു. ഇത് വലിയ വിവാദത്തിന് വഴി വെച്ചു. 2021ലെ ഇലക്ഷന്‍ സമയത്ത് വോട്ട് ചെയ്യാനായി സൈക്കിളില്‍ പോയത് കേന്ദ്രഗവണ്മെന്റിനെതിരെയുള്ള പ്രതിഷേധമാണെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. വെള്ളിത്തിരയിലെ പ്രകടനത്തിലൂടെ തമിഴകത്തിന്റെ ദളപതിയായി മാറിയ വിജയ് രാഷ്ട്രീയത്തിലും ദളപതിയാവുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം.

Content Highlight: Tamil actors who entered politics