ചെന്നൈ: പ്രത്യേകജാതിയില്‍ പെട്ടവരെക്കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നതിനെതിരെ തമിഴ് സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ രംഗത്ത്. മനുഷ്യരെ ഉപയോഗിച്ചുള്ള തോട്ടിപ്പണി നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചരണത്തിന് പിന്തുണയര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ നടന്‍മാരായ സത്യരാജും വിവേകും സംവിധായകന്‍ വെട്രിമാരനും പിന്തുണയുമായെത്തിയിട്ടുണ്ട്.
എല്ലാ രാജ്യങ്ങളും അഴുക്കുചാല്‍ വൃത്തിയാക്കല്‍ യന്ത്രവല്‍കൃതമാക്കി. അതേ പോലെ ചെയ്യാന്‍, ഒരു യന്ത്രം കണ്ടെത്താന്‍ നമുക്ക് കഴിയില്ലേ? നമുക്ക് വേണ്ടി വൃത്തിയാക്കാന്‍ നമുക്ക് ഒരു പ്രത്യേകജാതിയില്‍ പെട്ടവരെ വേണം. തോട്ടിപ്പണി ഇല്ലാതാക്കാന്‍ നമ്മള്‍ ജാതിയെ ഇല്ലാതാക്കുകയാണ് വേണ്ടത്. എന്നാണ് സത്യരാജ് പറയുന്നത്.
ജാതിവിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ജയ് ഭീം മണ്‍റം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. മനുഷ്യരെ ഉപയോഗിച്ച് അഴുക്കുചാലും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നത് ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം.
2014 മാര്‍ച്ചില്‍ മനുഷ്യരെക്കൊണ്ട് തോട്ടിപ്പണി ചെയ്യിക്കരുതെന്ന് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ഉത്തരവിട്ടിരുന്നു. എന്നാല്‍ നിരോധിക്കപ്പെട്ടിട്ടും ഈ പ്രവണത തുടരുകയാണ്. തോട്ടിപ്പണി ചെയ്യിക്കലിന്റെ വേരുകള്‍ ജാതി വ്യവസ്ഥിതിലാണെന്നും അതിനെയാണ് എതിര്‍ക്കേണ്ടതെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തോട്ടിപ്പണിയുടെ പശ്ചാത്തലത്തില്‍ രചിച്ച “തവിര്‍ക്കപ്പെട്ടവര്‍ഗള്‍” എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി തോട്ടിപ്പണിക്കെതിരായി ജൂണ്‍ 30ന് നാടകം കളിക്കാന്‍ ഒരുങ്ങുകയാണ് ജയ് ഭീം മണ്‍റം. പൊതുജനങ്ങളെ കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സംഘാടകരില്‍ ഒരാളായ ജയ റാണി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ഒപ്പ് ശേഖരിച്ച് തോട്ടിപ്പണിക്കെതിരെ സര്‍ക്കാരിന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.