| Saturday, 17th April 2021, 10:50 am

തട്ടുപൊളിപ്പന്‍ സിനിമകളില്‍ വരെ ആണഹന്തയുടെ മുഖത്ത് ഫലിതം കൊണ്ട് തുപ്പിയ വിവേക്

ഷിജു. ആര്‍

‘നോക്കൂ നിങ്ങള്‍… ഞാന്‍ വായിക്കുന്ന പുസ്തകങ്ങളാണിത്. വളരെ ഗൗരവമായി ഈ ലോകത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ലോകം ചിന്തിക്കേണ്ട പലവിധ വിഷയങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. പക്ഷേ പറഞ്ഞു വരുമ്പോള്‍ അത് കോമഡിയാവുകയാണ്.’ സിനിമകളില്‍ താന്‍ ഇംപ്രവൈസ് ചെയ്യുന്ന കോമഡി രംഗങ്ങളെക്കുറിച്ച് വിവേക് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതാണ്.

ഇത് കേള്‍ക്കുമ്പോള്‍ ഞാനോര്‍ത്തത് വിക്രമിന്റെ തട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമ ‘സാമി’ യില്‍ വിവേക് ചെയ്ത വെങ്കിട്ടരാമ അയ്യങ്കാര്‍ എന്ന ക്യാരക്ടറാണ്. എത്ര ഭംഗീരമായാണ് അയാള്‍ ജാതി ദുരഭിമാനത്തെയും അന്ധവിശ്വാസങ്ങളെയും കൊന്നുകൊലവിളിച്ച് രാഷ്ട്രീയ ഹാസ്യത്തിന്റെ കൊടിനാട്ടിയത്. ബലാല്‍ക്കാരത്തിന്റെ പാപം ഇരയെ കെട്ടിയാല്‍ തീരുമെന്ന ആണഹന്തയുടെ മുഖത്ത് ഫലിതം കൊണ്ട് തുപ്പുന്നുണ്ട് വിവേകിന്റെ സൂപ്പര്‍ സുബ്ബു.

നിരക്ഷരരും പാവപ്പെട്ടവരുമായ പ്രേക്ഷകരെ മയക്കുന്ന മുഖ്യധാരാ സിനിമയില്‍ തനിക്ക് കിട്ടുന്ന ഇത്തിരിയിടങ്ങളില്‍ ജനപ്രിയ പൊതുബോധ മൂല്യങ്ങളെ വിചാരണ ചെയ്യുന്ന ഫലിതങ്ങള്‍ അക്കാഡമിക് പ്രഭാഷണ സദസ്സുകളില്‍ ഒരിക്കലും എത്താന്‍ സാദ്ധ്യതയില്ലാത്ത ഒരു സമൂഹത്തോടാണ് സംവദിച്ചത്. അതിന് വലിയ മാനങ്ങളുണ്ട്.

വിവേക് വിവിധ പ്രതിഭകളുമായി നടത്തിയ അഭിമുഖങ്ങള്‍ കാണണം. അതുപോലെ അദ്ദേഹം അവതാരകനാവുന്ന ചടങ്ങുകളും. എന്തൊരു ഊര്‍ജ്ജസ്വല സാന്നിദ്ധ്യമാണത്.!

എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മയില്‍ അദ്ദേഹമാരംഭിച്ച ഗ്രീന്‍ കലാം ഇനീഷിയേറ്റീവ് തമിഴകത്തിന്റെ ഊഷരമായ ഇടങ്ങള്‍ ഹരിതാഭമാക്കാനുള്ള പരിശ്രമത്തിലാണ്. മനുഷ്യര്‍ക്കുള്ള സ്മാരകങ്ങള്‍ സൗധങ്ങളും സ്തൂപങ്ങളുമല്ല, തണലും തണുപ്പുമേകുന്ന വൃക്ഷങ്ങളാണെന്ന വിവേകമേ അഭിവാദ്യങ്ങള്‍.

എണ്‍പതുകളില്‍ ചെന്നൈയിലെ മദ്രാസ് ഹ്യൂമര്‍ക്ലബ്ബില്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിച്ച് ശ്രദ്ധേയനായ യുവാവ്. സെക്രട്ടറിയേറ്റ് ജീവനക്കാരനായ വിവേകാനന്ദന്‍. ക്ലബിന്റെ സ്ഥാപകനായ പി.ആര്‍ ഗോവിന്ദരാജാണ് കെ. ബാലചന്ദ്രര്‍ക്ക് വിവേകാനന്ദനെ പരിചയപ്പെടുത്തിയത്. ആ പരിചയമാണ് വിവേകാനന്ദനെ ഇന്നു നാമറിയുന്ന വിവേക് ആക്കിയത്. ബാലചന്ദ്രറിന്റെ തിരക്കഥകളിലെ ഹാസ്യരംഗങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് വിവേക് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

സിറ്റുവേഷനും ആര്‍ടിസ്റ്റും തമ്മിലുള്ള കോമ്പിനേഷനും ആ അതുല്യപ്രതിഭയുടെ ഇംപ്രവൈസേഷനുമാണ് നാം കാണുന്ന വിവേക് തമാശകള്‍.
ഹാസ്യതാരം മാത്രമായിരുന്നോ വിവേക്? ‘വെള്ളൈപ്പൂക്കള്‍’ലെ ഡി.ഐ.ജി രുദ്രന്‍ അതിന് മറുപടി തരും. ആഴമുള്ള ചിരികളെ ഓര്‍മ്മയാക്കി, രംഗബോധമില്ലാത്ത കോമാളിയുടെ കൈപിടിച്ച് വിവേക് യാത്രയായി. വിട…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Tamil actor Vivek and how he included serious subjects in Tamil Cinema comedy, Shiju R writes

ഷിജു. ആര്‍

We use cookies to give you the best possible experience. Learn more