ചെന്നൈ: തന്റെ സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്ര നെതിരെ ഫാന്‍സ് നടത്തുന്ന അസഭ്യ വര്‍ഷം അവസാനിപ്പിക്കണമെന്ന് നടന്‍ വിജയ്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കരുതെന്ന് വിജയ് തന്റെ ഫാന്‍സിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. ആരുടെ ചിത്രത്തേയും വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.
ഒരു സ്ത്രീക്കുമെതിരെയും മോശം ഭാഷ ഉപയോഗിക്കരുതെന്നാണ് എന്റെ അഭിപ്രായം- വിജയ് പ്രസ്താവനയില്‍ പറയുന്നു.
വിജയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ധന്യാ രാജേന്ദ്രനെ ഭീഷണിപ്പെടുത്തിയ നാല് പേരെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇംതിയാസ് അലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍-അനുഷ്‌കാ ശര്‍മ്മ ചിത്രം ജബ്ബ് ഹാരി മെറ്റ് സജല്‍ എന്ന ചിത്രത്തെ കുറിച്ച് ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോഴായിരുന്നു ധന്യ വിജയ് ചിത്രം “സുര”യെയും വിമര്‍ശിച്ചത്.
ഞാന്‍ നേരത്തെ വിജയുടെ ചിത്രയുടെ സുര എന്ന ചിത്രം ഇന്റര്‍വെല്‍ ആയപ്പോള്‍ കാണുന്നത് നിര്‍ത്തിയിരുന്നു. ആ റെക്കോര്‍ഡ് ഹാരി മെറ്റ് സജല്‍ മറികടന്നു. ഇന്റര്‍വെല്‍ വരെ പോലും കണ്ടിരിക്കാനായില്ല എന്നായിരുന്നു ട്വീറ്റ്. ഇതായിരുന്നു വിജയ് ആരാധകരെ പ്രകോപിപ്പിച്ചത്.
ഇതിന് പിന്നാലെ ധന്യയെ കടന്നാക്രമിച്ച് വിജയ് ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. വളരെ മോശമായ ഭാഷയിലുള്ള കമന്റുകളായിരുന്നു പലതും ധന്യയെ കൊന്നുകളയുമെന്ന ഭീഷണിവരെ ചിലര്‍ നടത്തിയിരുന്നു.
30000 തവണയാണ് ധന്യ രാജേന്ദ്രന്‍ എന്ന പേര് മെന്‍ഷന്‍ ചെയ്തിട്ടുള്ളത്. പബ്ലിസിറ്റി ബീപ് ധന്യ എന്ന ഹാഷ്ടാഗും ആരംഭിച്ചായിരുന്നു ആക്രമണം. പിന്നീട് ധന്യയുടെ പരാതിയെ തുടര്‍ന്ന് ട്വിറ്റര്‍ ഈ ഹാഷ്ടാഗ് പിന്‍വലിക്കുകയായിരുന്നു.