മധുരൈ: തമിഴ് നടന്‍ തീപെട്ടി ഗണേശന്‍ എന്ന കാര്‍ത്തി അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ രക്ഷിക്കാനായില്ല.
സംവിധായകന്‍ സീനു രാമസ്വാമിയാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. നടന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.പ്രിയ സഹോദരനായ കാര്‍ത്തി എന്ന തീപെട്ടി ഗണേശന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മധുരൈ രാജാജി ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം. എന്റെ സിനിമകളില്‍ അഭിനയിച്ച ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ആദരാഞ്ജലികള്‍, എന്നാണ് സീനു രാമസ്വാമി ട്വീറ്റ് ചെയ്തത്.
റെനിഗുണ്ട, ബില്ല 2, തെന്‍മെര്‍ക്ക് പരുവക്കാട്ര്, നീര്‍പറവൈ, കണ്ണെ കലൈമാനേ എന്നീ തമിഴ് സിനിമകളിലും മലയാളത്തില്‍ ഉസ്താദ് ഹോട്ടലിലും തീപെട്ടി ഗണേശന്‍ അഭിനയിച്ചിരുന്നു. 2019ല്‍ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശന്‍ അവസാനം പ്രത്യക്ഷപ്പെട്ടത്.
തനതായ ശൈലിയില്‍ ഏറ്റവും സ്വാഭാവികതയോടെ കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിക്കുന്നതില്‍ ഗണേശന്‍ വിജയിച്ചിരുന്നു. പലപ്പോഴും തമിഴിലെ ഏറ്റവും മികച്ച അഭിനേതാക്കളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ നടനവൈഭവത്തെ താരതമ്യം ചെയ്തിരുന്നത്.
ലോക്ഡൗണ്‍ കാലത്ത് സിനിമാമേഖല നിശ്ചലമായതോടെ ഗണേശന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നടന്‍ ലോറന്‍സടക്കമുള്ളവര്‍ അദ്ദേഹത്തെ സഹായിച്ചിരുന്നതായും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തീപെട്ടി ഗണേശന് ഭാര്യയും രണ്ടു മക്കളുമുണ്ട്.