| Tuesday, 17th November 2020, 12:11 pm

തിരിച്ചറിയാന്‍ പോലുമാകുന്നില്ലല്ലോയെന്ന് കണ്ണീരോടെ ആരാധകര്‍: കാന്‍സര്‍ ബാധിതനായി തമിഴ് നടന്‍ തവസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായി ദുരിതത്തില്‍. ആരോഗ്യം ക്ഷയിച്ച് തികച്ചും ക്ഷീണിതനായ നിലയിലാണ് തവസിയിപ്പോള്‍. രോഗത്തെക്കുറിച്ചും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും തവസി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ജീവിതകാലം മുഴുവന്‍ സിനിമക്കായി ചെലവഴിക്കുന്ന പല ജൂനിയര്‍ അഭിനേതാക്കളുടെയും ദുരിതത്തിലേക്ക് കൂടിയാണ് തവസിയുടെ അനുഭവം വിരല്‍ ചൂണ്ടുന്നതെന്ന് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നു. പല തമിഴ് സിനിമകളിലും ഗ്രാമമുഖ്യനായ നാട്ടാമയുടെ റോളുകളിലെത്തിയിരുന്നത് തവസിയായിരുന്നു.

പരുക്കന്‍ ശബ്ദവും നര കയറിയ താടിയും കൊമ്പന്‍ മീശയുമായെത്തുന്ന അദ്ദേഹത്തിന്റെ നാട്ടാമ കഥാപാത്രങ്ങളുടെ നാടന്‍ ശൈലിയിലുള്ള ഡയലോഗുകള്‍ ഏറെ ജനപ്രീതി നേടി. വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരൈ, സുന്ദരപാണ്ഡ്യന്‍, രജിനി മുരുകന്‍ എന്നീ ചിത്രങ്ങളിലെ റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘1993ലെ കിഴക്കു ചീമയില്‍ മുതല്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അന്നാത്തെയില്‍ വരെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഒരിക്കലും ഈ രോഗം പിടിപെടുമെന്ന് വിചാരിച്ചിരുന്നേയില്ല.’ തവസി വീഡിയോയില്‍ പറയുന്നു.

സിനിമാലോകം തന്നെ സഹായിക്കണമെന്ന് കണ്ണീരോടെ അഭ്യര്‍ത്ഥിക്കുന്ന നടന്റെ വീഡിയോ ഏറെ ഞെട്ടലോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. മുപ്പത് വര്‍ഷത്തിലേറെയായി സിനിമാരംഗത്തുള്ള തവസിയെ സഹായിക്കാന്‍ സിനിമാതാരങ്ങള്‍ മുന്നോട്ടുവരണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

വീഡിയോ പുറത്തുവന്നതോടെ നടന്റെ ചികിത്സ ഏറ്റെടുക്കാന്‍ തയ്യാറായി ഡി.എം.കെ എം.എല്‍.എ ശരവണന്‍ രംഗത്തെത്തി. നടന്‍ ശിവകാര്‍ത്തികേയനും തവസിയെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamil Actor Thavasi battles Cancer, asking for help video goes viral

We use cookies to give you the best possible experience. Learn more