തമിഴ് സിനിമയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് ശ്രീകാന്ത്. റോജാ കൂട്ടം എന്ന ചിത്ത്രിലൂടെ അഭിനയജീവിതം ആരംഭിച്ച ശ്രീകാന്ത് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി 50ലധികം സിനിമകളുടെ ഭാഗമായി. സംവിധായകന് മണിരത്‌നവുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീകാന്ത്.
മണിരത്‌നം സംവിധാനം ചെയ്ത ആയുത എഴുത്തില്‍ സിദ്ധാര്‍ത്ഥിന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നെന്നും എന്നാല്‍ ആ സമയത്ത് ഷൂട്ടിനിടെ അപകടം നേരിട്ട് മൂന്ന് മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും ശ്രീകാന്ത് പറഞ്ഞു. താന്‍ സുഖം പ്രാപിക്കുന്നതുവരെ മണിരത്‌നം കാത്തിരുന്നുവെന്നും എന്നാല്‍ അപകടത്തിന് മുമ്പ് താന്‍ ചെയ്തുകൊണ്ടിരുന്ന സിനിമയുടെ നിര്‍മാതാവ് അടുത്ത സിനിമ കൂടെ തന്നോട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും ശ്രീകാന്ത് പറഞ്ഞു.
വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് മണിരത്‌നത്തിന് അഡ്വാന്‍സ് തിരികെ കൊടുക്കേണ്ടി വന്നെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ഈ സംഭവം മണിരത്‌നത്തിനെ അപമാനിച്ചതുപോലെ അദ്ദേഹത്തിന് തോന്നിയെന്നും ഇനി ഒരു സിനിമയിലേക്കും തന്നെ വിളിക്കില്ലെന്ന് തന്റെ മാനേജറോട് പറഞ്ഞെന്നും ശ്രീകാന്ത് പറഞ്ഞു. തമിഴ്‌നാട് നൗവിനോട് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘മനസെല്ലാം എന്ന സിനിമക്ക് ശേഷം മണിര്തനം സാറിന്റെ ആയുത എഴുത്തില്‍ അഭിനയിക്കേണ്ടതായിരുന്നു. ആ സിനിമയുടെ ഓഡിഷനും കഴിഞ്ഞതാണ്. സിദ്ധാര്‍ത്ഥ് ചെയ്ത വേഷം എനിക്കുള്ളതായിരുന്നു. അത്തരത്തില്‍ ഒരു വേഷം ഞാന്‍ അതുവരെ ചെയ്തിട്ടില്ലായിരുന്നു. അതിനിടയിലാണ് ഒരു ഫയര്‍ ആക്‌സിഡന്റ് ഉണ്ടാകുന്നത്.
രണ്ട് മാസത്തോളം ആശുപത്രിക്കിടക്കയിലായിരുന്നു. എല്ലാ ദിവസവും മണിരത്‌നം സാറിന്റെ ഓഫീസില്‍ നിന്ന് ബൊക്കെ വരുമായിരുന്നു. എനിക്ക് വേണ്ടി ഷൂട്ട് മാറ്റിവെച്ചിരിക്കുകയായിരുന്നു.
ആ സമയം പല സിനിമകളുടെയും അഡ്വാന്‍സ് തിരികെക്കൊടുത്തു. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജാകാറായപ്പോള്‍ ഞാന്‍ മുമ്പ് ചെയ്തുകൊണ്ടിരുന്ന സിനിമയുടെ നിര്‍മാതാവ് എന്റെയടുത്ത് വന്നു. ആ സിനിമ ചെയ്തതിന് ശേഷം അടുത്ത സിനിമയും ഞാന്‍ അവര്‍ക്ക് വേണ്ടി ചെയ്യണമെന്ന് പറഞ്ഞു. വേറെ ആരുടെ സിനിമയും അതിനിടയില്‍ ചെയ്യരുതെന്നും പറഞ്ഞു.
വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ആയുത എഴുത്തിന് വേണ്ടി വാങ്ങിയ അഡ്വാന്‍സ് എന്റെ മാനേജര്‍ മണിര്തനം സാറിന് തിരികെക്കൊടുത്തു. ഇത് അദ്ദേഹത്തെ അപമാനിച്ചതുപോലെയായി. അദ്ദേഹത്തിന്റെ കരിയറില്‍ എനിക്ക് വേണ്ടിയല്ലാതെ മറ്റൊരു നടനുവേണ്ടിയും കാത്തിരുന്നില്ല.
എന്നിട്ടും ഞാന്‍ കാണിച്ചത് മോശമായി. ‘ഇനി എന്റെ ഒരൊറ്റ സിനിമയിലും ഞാനവനെ വിളിക്കില്ല’ എന്ന് എന്റെ മാനേജറോട് മണി സാര്‍ പറഞ്ഞു. അന്ന് ഞാന്‍ അദ്ദേഹത്തോട് നേരിട്ട് എന്റെ അവസ്ഥ പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു,’ ശ്രീകാന്ത് പറഞ്ഞു.
Content Highlight: Tamil actor Srikanth shares the issue between him and director Maniratnam