തമിഴ് നടന് ശ്രീ എന്ന ശ്രീറാം നടരാജനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്ത മാനഗരത്തിലൂടെയാണ് ശ്രീ ശ്രദ്ധേയനാകുന്നത്. സന്ദീപ് കിഷനൊപ്പം തുല്യപ്രാധാന്യമുള്ള വേഷമായിരുന്നു മാനഗരത്തില്‍ ശ്രീയുടേത്. മാനഗരത്തിന് മുമ്പ് വില്‍ അമ്പ്, ഓനായും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളില്‍ മികച്ച വേഷമായിരുന്നു ശ്രീ അവതരിപ്പിച്ചത്.
എന്നാല്‍ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മെലിഞ്ഞ്, എല്ലുകളുന്തി, മുടി നീട്ടിവളര്‍ത്തിയ ശ്രീയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ആരാധകരില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പല തരത്തിലുള്ള കഥകളും സോഷ്യല്‍ മീഡിയയില്‍ ശ്രീയെക്കുറിച്ച് പറയുന്നുണ്ട്.
ലഹരിക്കടിമയായതിനാലാണ് ശ്രീ ഇങ്ങനെയായതെന്നാണ് ചിലര്‍ പറയുന്നത്. ലോകേഷ് കനകരാജ് അയാളുടെ എല്ലാ സിനിമകളിലും ലഹരിക്കെതിരെ സംസാരിക്കുന്നത് സ്വന്തം സുഹൃത്തിന്റെ അവസ്ഥ കണ്ടിട്ടാണെന്നാണ് അത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ പറയുന്നത്. ലഹരി ഉപയോഗം ഒരാളുടെ കരിയര്‍ തന്നെ ഇല്ലാതാക്കുമെന്ന ഉദാഹരണമായി ശ്രീയുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടുന്നവരുമുണ്ട്.
എന്നാല്‍ താരം ഡിപ്രഷന്റെ പിടിയിലാണെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത്. കഴിവുണ്ടായിട്ടും മികച്ച അവസരങ്ങള്‍ തേടിവരാത്തത്തില്‍ നിരാശ ബാധിച്ചാണ് ശ്രീ ഇപ്പോഴുള്ള അവസ്ഥയിലെത്തിയതെന്നും അവര്‍ പറയുന്നുണ്ട്. താരത്തിന് സിനിമാലോകത്ത് വലിയ സുഹൃദ്വലയമില്ലാത്തതാണ് ഇതിന് കാരണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ശ്രീ, വിക്രം പ്രഭു, സാനിയ അയ്യപ്പന്, വിധാര്‍ത്ഥ്, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ അഭിനയിച്ച ഇരുഗപട്ര് ആണ് ഏറ്റവുമൊടുവില്‍ താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഈ സിനിമയുടെ പ്രതിഫലത്തില്‍ വലിയൊരു തുക ശ്രീക്ക് ലഭിക്കാന്‍ ബാക്കിയുള്ളതും ഡിപ്രഷന് കാരണമായെന്നും ചിലര്‍ പറയുന്നുണ്ട്.
ശ്രീ തന്നെയാണ് പ്രതിഫലത്തിന്റെ ബാക്കി ലഭിക്കാനുണ്ടെന്നുള്ള കാര്യം വെളിപ്പെടുത്തിയത്. ശ്രീയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കണമെന്നും പറ്റുമെങ്കില്‍ അടുത്ത സിനിമയില്‍ അവസരം നല്കി അയാളെ സഹായിക്കണമെന്നും ലോകേഷ് കനകരാജിന്റെ പോസ്റ്റില്‍ പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ശ്രീയുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല എന്നതാണ് സത്യം.
Content Highlight: Tamil actor Sri’s latest photos gone viral in Social Media