| Monday, 5th June 2023, 5:20 pm

വിജയ്‌യെ പേരെടുത്ത് വിളിക്കരുതെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്, എന്റെ സിനിമയിലെ രംഗങ്ങള്‍ വിജയ് അനുകരിച്ച് കാണിച്ചുതന്നു: സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരുടെ ദളപതി വിജയ്‌യുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. അദ്ദേഹത്തെ താന്‍ വിജയ് എന്ന് പേരെടുത്ത് തന്നെയാണ് വിളിക്കാറുള്ളതെന്നും അത്രക്കും അടുപ്പം തങ്ങള്‍ക്കിടയിലുള്ളത് കൊണ്ടാണതെന്നും നടന്‍ പറഞ്ഞു.

തന്റെ ബൊമ്മറില്ലു എന്ന തെലുങ്ക് സിനിമയിലെ രംഗങ്ങള്‍ അദ്ദേഹം തനിക്ക് അനുകരിച്ച് കാണിച്ചുതന്നെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

‘ഞാന്‍ അദ്ദേഹത്തെ വിജയ് എന്ന് പേരെടുത്ത് തന്നെയാണ് വിളിക്കാറുള്ളത്. അങ്ങനെ വിളിക്കരുതെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനതൊന്നും ഒരു കുഴപ്പവുമില്ല. അത്രക്കും അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. വളരെ സിമ്പിളും ജെനുവിനുമായൊരു വ്യക്തിയാണ് വിജയ്.

2006 ഓഗസ്റ്റില്‍ ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വിജയ്‌യും ഉണ്ടായിരുന്നു. ഞാനവിടെയുണ്ടെന്നറിഞ്ഞപ്പോള്‍ എന്നെ അദ്ദേഹം വിളിച്ചു. ഞങ്ങളൊരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ പോയി. ഞാനും ജെനീലിയയും അഭിനയിച്ച തെലുങ്ക് സിനിമ ബൊമ്മറില്ലു അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടിരുന്നു.

ആ സിനിമയിലെ ഓരോ സീനും എങ്ങനെയാണ് ചെയ്തതെന്നൊക്കെ എന്നോട് ചോദിച്ചു. ആ സീനിന്റെ അവസാനം ഒരു കാര്യം ചെയ്തില്ലേയെന്നും പറഞ്ഞ് എനിക്കത് അഭിനയിച്ച് കാണിച്ചുതന്നു. എന്നിട്ടെന്നോട് ചോദിക്കും ഞാനെങ്ങനെയാണത് ചെയ്തതെന്ന്.

എന്നേക്കാള്‍ നന്നായിട്ട് നിങ്ങളത് ചെയ്തല്ലോ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാലും ഞാനതെങ്ങനെ ചെയ്തു എന്ന് എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു.

എന്റെ വിശേഷങ്ങളൊക്കെ ചോദിക്കുകയും അതറിയാനുള്ള താല്‍പര്യവും അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിരുന്നു. ആ ഒരു സ്‌നേഹം വിജയ്ക്കല്ലാതെ മറ്റാരിലും കാണാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ എപ്പോഴൊക്കെ കണ്ടാലും ഞാന്‍ കുറേ നേരം മുറുക്കെ കെട്ടിപിടിക്കും. എന്നോട് തിരിച്ചും വളരെ സ്‌നേഹം പ്രകടിപ്പിക്കും, ‘ സിദ്ധാര്‍ത്ഥ് പറഞ്ഞു.

കോളേജില്‍ പഠിക്കുമ്പോള്‍ വിജയ്‌യുടെ ഫാനായിരുന്ന കാലം തനിക്ക് മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പാടിയ പാട്ടുകളൊക്കെ തനിക്ക് പ്രിയപ്പെട്ടതാണെന്നും നടന്‍ പറഞ്ഞു. തന്നോട് എപ്പോഴും ഒരേപോലെ സ്‌നേഹത്തോടെയാണ് വിജയ് പെരുമാറുന്നതെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

‘കോളേജില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഫാനായിരുന്ന കാലം എനിക്ക് മറക്കാന്‍ കഴിയില്ല. അദ്ദേഹം പാടിയ പാട്ടുകളൊക്കെ എന്റെ പ്രിയപ്പെട്ടതാണ്. ദെല്‍ഹിയില്‍ അമ്പലത്തിന് പുറത്ത് തമിഴ് സിനിമയുടെ കാസറ്റുകള്‍ വില്‍ക്കുമായിരുന്നു.

അവിടെനിന്നും കാസറ്റുകള്‍ വാങ്ങി നിരന്തരമായി വിജയ്‌യുടെ പാട്ടുകള്‍ കേള്‍ക്കുമായിരുന്നു ഞാന്‍. ഞാനിപ്പോഴും വലിയൊരു ഫാനാണ്. എന്നോട് എപ്പോഴും ഒരേപോലെ സ്‌നേഹത്തോടെയാണ് വിജയ് പെരുമാറിയത്, ‘ സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlights: Tamil Actor Sidharth about Thalapathy Vijay

We use cookies to give you the best possible experience. Learn more