അവളെന്റെ കുട്ടിയാണ്, ഞാനവള്‍ക്ക് ട്യൂഷനെടുത്തിട്ടുണ്ട്: സിദ്ധാര്‍ത്ഥ്
Entertainment news
അവളെന്റെ കുട്ടിയാണ്, ഞാനവള്‍ക്ക് ട്യൂഷനെടുത്തിട്ടുണ്ട്: സിദ്ധാര്‍ത്ഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th June 2023, 2:37 pm

മലയാളികള്‍ക്കും തമിഴര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടനാണ് സിദ്ധാര്‍ത്ഥ്. ബോയ്സ് എന്ന സിനിമയിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച സിദ്ധാര്‍ത്ഥ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ്.

നടി ജെനീലിയയുമൊത്തുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍.

ജെനീലിയ തനിക്കൊരു കുട്ടിയെപ്പോലെയാണെന്നും താന്‍ അവര്‍ക്ക് ഷൂട്ടിങ്ങിനിടയില്‍ ട്യൂഷനെടുത്തിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവളെനിക്കൊരു കുട്ടിയാണ്. ഞാനവള്‍ക്ക് തമിഴും ഇക്കണോമിക്സും കൊമേഴ്സും പഠിപ്പിച്ചിട്ടുണ്ട്. ശങ്കര്‍ സര്‍ സംവിധാനം ചെയ്ത ബോയ്സ് സിനിമയുടെ സെറ്റില്‍ തമിഴ് അറിയാത്തതുകൊണ്ട് ജെനീലിയ വളരെ കഷ്ടപ്പെട്ടിരുന്നു. അയ്യോ എനിക്ക് തമിഴ് അറിയില്ല! എന്നും പറഞ്ഞുകൊണ്ട് സെറ്റില്‍ വിഷമിച്ചിരിക്കുമായിരുന്നു.

ശങ്കര്‍ സര്‍ ദിവസവും മൂന്ന് പേജ് ഡയലോഗ് കൊടുക്കുമായിരുന്നു പഠിക്കാനായിട്ട്. അങ്ങനെയൊരു ദിവസം ശങ്കര്‍ സര്‍ എന്നോട് പറഞ്ഞു, ആ കുട്ടി വളരെ ടെന്‍ഷനായിട്ടാണിരിക്കുന്നതെന്നും തമിഴ് പഠിപ്പിച്ചുകൊടുക്കണമെന്നും.

ശങ്കര്‍ സാറിന്റെ ടീ നഗറിലുള്ള ഓഫീസില്‍ വെച്ച് ഞാന്‍ ദിവസവും തമിഴ് ഡയലോഗുകള്‍ പഠിപ്പിച്ചുകൊടുക്കുമായിരുന്നു. വളരെ ഭയഭക്തിയോടെ ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കുമായിരുന്നു.

സിനിമയിലെ ഡേറ്റിങ് സോങ് ഷൂട്ട് ചെയ്യുന്നതിന്റെ ഗ്യാപ്പില്‍ കാറിലിരുന്ന് ഞാന്‍ ജെനിക്ക് ഇക്കണോമിക്സ് ട്യൂഷന്‍ എടുക്കുമായിരുന്നു. അയ്യോ! എനിക്കൊന്നും മനസിലാവുന്നില്ലേയെന്ന് പറഞ്ഞ് കരയുമായിരുന്നു അവള്‍.

പിറ്റേ ദിവസം ജെനിക്ക് ബോംബെയില്‍ പരീക്ഷയുണ്ടായിരുന്നു. എനിക്കും ജെനിക്കും ഒരുപാട് പ്രഷ്യസായ ഓര്‍മകളുണ്ട്, ‘ സിദ്ധാര്‍ത്ഥ് പറഞ്ഞു.

തന്റെ ആദ്യ നായിക ജെനീലിയയാണെന്നും ജെനീലിയയുടെ ആദ്യ നായകന്‍ താനാണെന്നും നടന്‍ പറഞ്ഞു. തങ്ങള്‍ രണ്ടുപേരും ഇന്‍ഡസ്ട്രിയില്‍ നിന്നു പോയാലും നായികാനായകന്മാരായി ഒരുമിച്ചഭിനയിച്ച ബോയ്സ്, ബൊമ്മറില്ലു എന്ന സിനിമകളിലൂടെ എന്നും ഓര്‍ക്കപ്പെടുമെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ ആദ്യ നായിക ജെനിയാണ്, ജെനിയുടെ ആദ്യ നായകന്‍ ഞാനും. ഞങ്ങള്‍ നായികാനായകന്മാരായി അഭിനയിച്ച തമിഴ് സിനിമ ബോയ്സും തെലുങ്ക് സിനിമ ബൊമ്മറില്ലുവും വന്‍വിജയമായിരുന്നു.

ഞങ്ങള്‍ രണ്ടുപേരും ഇന്‍ഡസ്ട്രിയില്‍ നിന്നു പോയാലും ആര്‍ക്കും മറക്കാന്‍ കഴിയാത്ത, തമിഴ്, തെലുങ്ക് സിനിമ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട സിനിമകളാണ് ബോയിസും ബൊമ്മറില്ലുവും. ജെനിയാണ് എന്റെ പ്രിയപ്പെട്ട നായിക, സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlights: Tamil Actor Sidharth about Actress Genelia