|

വൈ.എസ്.ആര്‍ ആയപ്പോള്‍ നേരിട്ട പ്രശ്‌നമെന്തായിരുന്നു? ജീവക്ക് മറുപടി നല്‍കി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമാണ് യാത്ര 2. ചിത്രത്തില്‍ നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായി 2019ല്‍ പുറത്ത് വന്ന യാത്രയുടെ രണ്ടാം ഭാഗമാണ് ചിത്രം.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈ.എസ്.ആര്‍ നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കി ആയിരുന്നു യാത്ര ഒരുക്കിയത്.

സിനിമയുടെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയുമെത്തുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജീവ.

താന്‍ 2001ല്‍ ആനന്ദം സിനിമയുടെ സമയത്താണ് ആദ്യമായി മമ്മൂട്ടിയെ കണ്ടതെന്നും പിന്നീട് യാത്രയുടെ രണ്ടാം ഭാഗത്തിന്റെ സെറ്റില്‍ വെച്ചാണ് അദ്ദേഹത്തെ വീണ്ടും കാണുന്നതെന്നും താരം പറഞ്ഞു.

യാത്രയിലെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടിരുന്നോ എന്ന് താന്‍ മമ്മൂട്ടിയോട് ചോദിച്ചിരുന്നെന്നും അതിന് അദ്ദേഹം നല്‍കിയ മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും ജീവ പറയുന്നു.

‘ഞാന്‍ 2001ല്‍ ആനന്ദം സിനിമയുടെ സമയത്താണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം, യാത്രയുടെ രണ്ടാം ഭാഗത്തിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ വീണ്ടും കാണുന്നത്.

ഞാന്‍ അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചിരുന്നു. വളരെ രസകരമായ സമയമായിരുന്നു അത്. അതിനിടയില്‍ അദ്ദേഹത്തോട് ‘സാര്‍, നിങ്ങള്‍ ആദ്യ ഭാഗത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയെ അവതരിപ്പിച്ചപ്പോള്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടിരുന്നോ?’ എന്ന് ഞാന്‍ ചോദിച്ചു.

‘എന്ത് പ്രശ്‌നം? നമ്മള്‍ അഭിനേതാക്കള്‍ മാത്രമാണ്’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അഭിനേതാവെന്ന നിലയില്‍ നമ്മള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വരുമെന്നും അവരെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നു എന്നതുകൊണ്ട് നമ്മള്‍ അവരെയോ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയെയോ പിന്തുണയ്ക്കുന്നുവെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ ഒരു നടനാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ലോകം നമ്മുടെ വേദിയാണ്, ആ വേദി ഉപയോഗിക്കണം എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് അതുകേട്ട് അത്ഭുതം തോന്നി,’ ജീവ പറഞ്ഞു.

Content Highlight: Tamil Actor Jiiva Talks About Mammootty