| Saturday, 30th March 2024, 7:55 am

തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വില്ലന്‍ റോളുകളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും സുപരിചിതനായ ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 48 വയസായിരുന്നു. ഡാഡി കൂള്‍, ഭഗവാന്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷത്തിലൂടെ മലയാളത്തിലും ശ്രദ്ധേയനായ താരമായിരുന്നു ബാലാജി. ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡയറക്ഷന്‍ കോഴ്‌സ് പാസായ ബാലാജി സീരിയല്‍ രംഗത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.

ചിത്തി എന്ന സീരിയലിലെ ഡാനിയല്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പം ചേര്‍ക്കുകയായിരുന്നു. കമല്‍ ഹാസന്റെ മുടങ്ങിപ്പോയ മരുതനായകം എന്ന ചിത്രത്തിലെ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജരായാണ് സിനിമയിലേക്കെത്തിയത്. 2002ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ മാദത്തില്‍ ആയിരുന്നു ആദ്യ ചിത്രം. സൂര്യ- ഗൗതം വാസുദേവ് എന്നിവര്‍ ആദ്യമായി ഒന്നിച്ച കാക്ക കാക്കയിലെ പൊലീസ് വേഷം മലയാളത്തിലേക്കുള്ള വഴി തുറന്നു. രഞ്ജിത് സംവിധനം ചെയ്ത ബ്ലാക്കിലൂടെ മലയാളത്തിലേക്കെത്തി.

എന്നാല്‍ ബാലാജിയുടെ കരിയര്‍ മാറ്റിമറിച്ചത് കമല്‍ ഹാസന്‍ ചിത്രം വേട്ടയാട് വിളയാട് ആണ്. അതുവരെ കണ്ടു ശീലിച്ച വില്ലന്മാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു വേട്ടയാട് വിളയാടിലെ സൈക്കോ കില്ലറായ അമുദന്‍. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ ഭഗവാന്‍ എന്ന സിനിമയിലൂടെ മോഹന്‍ലാലിന്റെയും ഡാഡി കൂളിലൂടെ മമ്മൂട്ടിയുടെയും വില്ലനായി.

വെട്രിമാരന്റെ ഹിറ്റ് ചിത്രങ്ങളായ പൊല്ലാതവനിലും വടചെന്നൈയിലും ബാലാജിക്ക് മികച്ച വേഷങ്ങളായിരുന്നു. വടചെന്നൈയിലെ തമ്പി എന്ന വേഷം താരത്തിന്റെ കരിയറിലെ മികച്ച അഞ്ച് കഥാപാത്രങ്ങളിലൊന്നാണ്. ബാലാജിയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും.

Content Highlight: Tamil actor Daniel Balaji passed away

We use cookies to give you the best possible experience. Learn more