മലയാളം അഭിനേതാക്കളെ പറ്റി ഇന്നത്തെ തലമുറക്കുള്ള ധാരണ ദുല്‍ഖര്‍ മാറ്റി: തമന്ന
Film News
മലയാളം അഭിനേതാക്കളെ പറ്റി ഇന്നത്തെ തലമുറക്കുള്ള ധാരണ ദുല്‍ഖര്‍ മാറ്റി: തമന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th November 2023, 6:31 pm

മലയാളത്തില്‍ തനിക്ക് ഇഷ്ടമുള്ള താരങ്ങളെ പറ്റി സംസാരിക്കുകയാണ് നടി തമന്ന. മലയാളത്തില്‍ ദുല്‍ഖറിനും ഫഹദിനുമൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് തമന്ന പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദെന്നും ഇന്നത്തെ തലമുറക്ക് മലയാളം അഭിനേതാക്കളെ പറ്റിയുള്ള ധാരണ ദുല്‍ഖര്‍ തിരുത്തിയെന്നും തമന്ന പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഫഹദിനെ ഇഷ്ടമാണ്. ഒപ്പം അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമുള്ള അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്. പെര്‍ഫോമര്‍ എന്ന നിലയില്‍ അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്.

അതുപോലെ തന്നെ ദുല്‍ഖറിനേയും ഇഷ്ടമാണ്. ഇന്നത്തെ തലമുറക്ക് മലയാളം അഭിനേതാക്കളെ പറ്റിയുള്ള ധാരണ മാറ്റിയത് ദുല്‍ഖറാണ്. അദ്ദേഹം ഒരു പാന്‍ ഇന്ത്യന്‍ ആക്ടറാണ്. എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. ദുല്‍ഖറിനും ഫഹദിനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്,’ തമന്ന പറഞ്ഞു.

അതേസമയം ഇന്ത്യയാകെ കാത്തിരിക്കുന്ന ഒരുപിടി പ്രൊജക്ടുകളില്‍ ഭാഗമാണ് ദുല്‍ഖര്‍ സല്‍മാന്‍. കമല്‍ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും അഭിനയിക്കുന്നുണ്ട്. എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ ജയം രവി, തൃഷ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സുധ കൊങ്കാര- സൂര്യ കോമ്പോയുടെ ചിത്രമാണ് മറ്റൊരു പ്രൊജക്ട്. ചിത്രത്തില്‍ നസ്രിയയും വിജയ് ശര്‍മയും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്താ, വെങ്കി അറ്റ്ലൂരിയുടെ ലക്കി ഭാസ്‌കര്‍ എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് പ്രൊജക്ടുകള്‍.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2വാണ് ഇനി പുറത്തിറങ്ങാനുള്ള ഫഹദ് ചിത്രം. അല്‍ത്താഫ് സലീമിന്റെ ഓടു കുതിര ചാടും കുതിരയാണ് താരത്തിന്റെ മറ്റൊരു പ്രൊജക്ട്.

Content Highlight: Tamannah about Dulquer Salmaan and fahadh fassil