| Monday, 9th September 2024, 9:58 am

മൂന്ന് വര്‍ഷംകൊണ്ട് ചിത്രീകരിച്ച ബാഹുബലിയില്‍ എനിക്ക് മാത്രം പരിശീലനമൊന്നും ലഭിച്ചില്ല; അമ്പും വില്ലും ഉപയോഗിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹമാണ്: തമന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് എസ് .എസ് രാജമൗലി. മഗധീര, ഈച്ച, ബാഹുബലി, ആര്‍.ആര്‍.ആര്‍ എന്നിവയടക്കമുള്ള മികച്ച സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹമാണ്. രാജമൗലിയുടെ ഭൂരിഭാഗം സിനിമകളും ഒന്നിലധികം ഭാഷകളില്‍ മൊഴിമാറ്റിയാണ് റിലീസിനെത്തുക.

രാജമൗലിയെ കുറിച്ച് സംസാരിക്കുകയാണ് തമന്ന. അദ്ദേഹം കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്താലും അവയെല്ലാം ഇമോഷനുകള്‍ക്കും മനുഷ്യ-മൃഗ ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നവയുമായിരിക്കുമെന്ന് തമന്ന പറയുന്നു. ബാഹുബലിയുടെ സമയത്ത് തന്നെ അമ്പും വില്ലും ഉപയോഗിക്കാന്‍ പഠിപ്പിച്ചതും രാജമൗലി ആണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ് ഷമ്നിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു തമന്ന.

‘അദ്ദേഹം ശരിക്കും അവിശ്വസനീയമാണ്. അദ്ദേഹം എല്ലായ്പ്പോഴും കൊമേര്‍ഷ്യല്‍ സിനിമകളാണ് ചെയ്യാന്‍ എന്നാല്‍ അവരെയെല്ലാം തന്നെ ഇമോഷനുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവയുമാണ്. മനുഷ്യ-മൃഗ ബന്ധങ്ങളുടെ വികാരങ്ങള്‍ അദ്ദേഹം തന്റെ സിനിമകളില്‍ എപ്പോഴും കൊണ്ടുവരുന്നു. മഗധീരയില്‍ പോലും, അദ്ദേഹം അത് തന്നെയാണ് ചെയ്ത് വെച്ചിരിക്കുന്നത്.

ഒരു വ്യക്തിക്ക് താന്‍ കൊടുത്ത പൈസ മുതലായി എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കഥ എങ്ങനെ പറയണമെന്ന് അദ്ദേഹത്തിനറിയാം. ബാഹുബലിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ അടുത്ത ലെവലാണെന്ന് ഞാന്‍ മനസിലാക്കി.

അഭിനേതാക്കള്‍ സെറ്റില്‍ വരുന്നതിന് മുമ്പ്, അത് ആക്ഷനായാലും നൃത്തമായാലും, അദ്ദേഹം അത് ആദ്യം പഠിച്ചിട്ടുണ്ടാകും. ബാഹുബലി സമയത്ത് വില്ലും അമ്പും എങ്ങനെ ഉപയോഗിക്കണമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ അതുവരെ അമ്പും വില്ലും എടുത്തിട്ടില്ല, വാള്‍ പോലും. സ്വിറ്റ്സര്‍ലന്‍ഡില്‍ മഹേഷ് ബാബുവിനൊപ്പമുള്ള സിനിമയുടെ ഷൂട്ടിങ്ങില്‍ നിന്ന് ഞാന്‍ നേരിട്ട് ബാഹുബലി സെറ്റിലേക്ക് വന്നതായിരുന്നു.

സിനിമയില്‍ അവസാനമായി അഭിനയിച്ചത് ഞാനാണ്, എനിക്ക് തയ്യാറെടുപ്പ് നടത്താന്‍ സമയമില്ലായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ചിത്രീകരിച്ച ആ സിനിമയില്‍ പക്ഷേ എനിക്ക് പരിശീലനമൊന്നും ലഭിച്ചില്ല. അങ്ങനെ രാജമൗലി തന്നെ എന്നെ ഓരോ കാര്യങ്ങളും പഠിപ്പിച്ചു. അദ്ദേഹം എല്ലാ സീനുകളും എനിക്ക് ചെയ്ത് കാണിച്ചു തരുമായിരുന്നു. ആളുകള്‍ വി.എഫ്.എക്‌സ് എന്താണെന്ന് അറിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം അതെല്ലാം ഉപയോഗിച്ചു തുടങ്ങിയിരുന്നു,’ തമ്മന്ന പറയുന്നു.

തമന്ന അഭിനയിച്ച സ്ത്രീ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രത്തിലൊന്നാണ്. അരന്മനൈ 4 ഉം ബോക്സ് ഓഫീസില്‍ നിന്ന് 100 ??കോടിയിലധികം കളക്ഷന്‍ നേടി. കഴിഞ്ഞ വര്‍ഷം ജയിലറില്‍ രജനികാന്തിനൊപ്പവും തമന്ന അഭിനയിച്ചിരുന്നു.

Content Highlight: Tamannaah Bhatia Talks  About  S. S. Rajamouli

We use cookies to give you the best possible experience. Learn more