റിയാദ്: ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദും സൗദി സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും തമ്മിലായിരുന്നു ചര്‍ച്ച ആരംഭിച്ചത്.
ഇന്ത്യ- സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന സൂചന ഇന്ത്യന്‍ അംബാസിഡര്‍ കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സര്‍വീസുകള്‍ക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പുതിയ ചര്‍ച്ച. അതിനാല്‍ ചര്‍ച്ച വിജയിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യക്കാര്‍ക്കും ഇത്തവണ ഹജ്ജില്‍ അവസരമുണ്ടാകുമെന്നും വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് അറിയിക്കുമെന്നും അംബാസിഡര്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചിരുന്നു. പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന കാര്യം അറിയിച്ചത്. ജൂണ്‍ 14 വരെ യാത്രാ വിലക്ക് നീട്ടിയെന്നാണ് കഴിഞ്ഞയാഴ്ച എമിറേറ്റ്സ് അറിയിച്ചിരുന്നത്.