മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ വിജയകരം: പ്രസിഡന്റ് മുഹമ്മദ് മുയിസു
World News
മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ വിജയകരം: പ്രസിഡന്റ് മുഹമ്മദ് മുയിസു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 10:15 am

മാലേ: മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചുവെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ചൈന അനുകൂലിയായ മുയിസു ഇന്ത്യന്‍ സൈന്യത്തെ മാലിദ്വീപില്‍ നിന്ന് നീക്കം ചെയ്യുമെന്നത് അദ്ദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുന്നത് ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ സൈന്യത്തെ മാലിദ്വീപില്‍ വിന്യസിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് മുയിസു വ്യക്തമാക്കി. പ്രയോജനപരമായ ഉഭയകക്ഷി ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിജയത്തിന് ശേഷം ഇന്ത്യന്‍ അംബാസിഡറെ കണ്ടിരുന്നെന്നും മാലിദ്വീപിലെ മുഴുവന്‍ സൈന്യത്തെയും നീക്കം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും മുയിസു സൂചിപ്പിച്ചു.

മാലിദ്വീപില്‍ വിദേശ സൈനികരുടെ ബൂട്ടിന്റെ ആവശ്യകതയിലെന്നും തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ വിഷയം രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയന്‍ അതിര്‍ത്തികളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്നും ആഗോള തലത്തില്‍ അതിനെ നേരിടാന്‍ കഴിയുന്നത്ര വലിയ രാജ്യമല്ല തങ്ങളുടേതെന്നും മുയിസു പറഞ്ഞു.

വെല്ലുവിളികളെയും മുന്‍ഗണകളെയും അടിസ്ഥാനമാക്കിയുള്ളതാണ് മാലിദ്വീപുമായുള്ള തങ്ങളുടെ സഹകരണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ജനങ്ങളുടെ ക്ഷേമം, മാനുഷിക സഹായം, ദുരന്തം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ദുരിതാശ്വാസം, നിയമവിരുദ്ധമായ സമുദ്ര പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ സഹായം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിദ്വീപില്‍ സൈനിക സാന്നിധ്യമുള്ള ഏക വിദേശ രാജ്യമാണ് ഇന്ത്യ. എഴുപതോളം ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപിലെ റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളും പരിപാലിക്കുന്നുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മാലിദ്വീപിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ പട്രോളിംഗ് നടത്താനും സഹായിക്കുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുമായി ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മാലിദ്വീപുമായുള്ള ബന്ധം ഇന്ത്യക്ക് നയതന്ത്രപരമായി പ്രധാനപെട്ട ഒന്നാണ്.

Content Highlight: Talks to remove Indian soldiers from Maldives ‘successful’, says President Mohamed Muizzu