| Friday, 3rd February 2023, 3:59 pm

ലോകകപ്പ് ഫൈനലിന് ശേഷം എംബാപ്പെയുമായി സംസാരിച്ചു, തമ്മിൽ പ്രശ്നമൊന്നുമില്ല: മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഫൈനൽ ആയിരുന്നു ഖത്തർ ലോകകപ്പിലേത്. നീണ്ട 36 കൊല്ലത്തിന് ശേഷം ലോകകപ്പ് സ്വന്തമാക്കാൻ അവസരം ലഭിച്ച അർജന്റീനയും മുൻ ചാമ്പ്യൻമാരായ ഫ്രാൻസും ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു.

ഇതൊടെ ലയണൽ മെസിക്ക് തന്റെ കരിയർ എല്ലാ മേജർ കിരീടങ്ങളും നേടി പൂർത്തിയാക്കാനായി.

എന്നാൽ ലോകകപ്പ് ഫൈനൽ അവസാനിച്ചതോടെ എംബാപ്പെയുമായി താൻ സംസാരിച്ചിരുന്നെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ലയണൽ മെസി.

ഓലെക്ക് നൽകിയ അഭിമുഖത്തിലാണ് മെസി മത്സരശേഷം എംബാപ്പെയുമായി താൻ നടത്തിയ സംസാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
“തീർച്ചയായും എംബാപ്പെയുമായി ലോകകപ്പ് ഫൈനലിന് ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. കളിയെക്കുറിച്ചും ലോകകപ്പ് വിജയത്തിന് ശേഷം ഞങ്ങളുടെ നാട്ടുകാർ നടത്തിയ ആഘോഷത്തെക്കുറിച്ചുമൊക്കെയാണ് ഞങ്ങൾ പരസ്പരം സംസാരിച്ചത്.

പിന്നീട് ഫൈനലിന് ശേഷം ലഭിച്ച വെക്കേഷൻ അനുഭവങ്ങളും ഞങ്ങൾ പരസ്പരം പങ്കുവെച്ചു. കൂടുതൽ സംസാരമൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല,’ മെസി പറഞ്ഞു.

എനിക്ക് മറുവശം കൂടി അറിയണമായിരുന്നു. അതായത് ലോകകപ്പ് നഷ്‌ടപ്പെടുമ്പോൾ ഉണ്ടാകുന്ന അനുവങ്ങളെക്കുറിച്ച്. കാരണം ഞാനും ഒരു ലോകകപ്പ് ഫൈനൽ തോറ്റ വ്യക്തിയാണ്. അത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. എനിക്ക് എംബാപ്പെയുമായി യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ നല്ല സൗഹൃദത്തിലാണ്,’ മെസി കൂട്ടിച്ചേർത്തു.

ലോകകപ്പ് ഫൈനലിന് ശേഷം മെസിയും എംബാപ്പെയും നല്ല സ്വരച്ചേർച്ചയിലല്ലായിരുന്നു എന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

കൂടാതെ മെസിയും നെയ്മറും ഉള്ളതിനാൽ പി.എസ്.ജിയിൽ തന്റെ ആധിപത്യം കുറയാൻ കാരണമാകുന്നു എന്ന ചിന്ത എംബാപ്പെക്ക് ഉണ്ട് എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

അതിനാൽ മെസിയും എംബാപ്പെയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന വാർത്ത ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം വ്യാഴാഴ്ച നടന്ന മത്സരത്തിൽ പി.എസ്.ജി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മോൺട്പെല്ലിയറിനെ പരാജയപ്പെടുത്തി.

പാരിസ് ക്ലബ്ബിനായി ഫാബിയാൻ റൂയിസ്, മെസി, വാറൻ എംറി എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്.
ടോലോസുമായി ശനിയാഴ്ചയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights:Talked to Mbappe after World Cup final,we have no problem: Messi

We use cookies to give you the best possible experience. Learn more