തകർന്നുനിൽക്കുന്ന മെസിയും മയാമിയും ഒപ്പം റൊണാൾഡോയുടെ സെലിബ്രേഷനും; വീഡിയോ
Football
തകർന്നുനിൽക്കുന്ന മെസിയും മയാമിയും ഒപ്പം റൊണാൾഡോയുടെ സെലിബ്രേഷനും; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd February 2024, 9:11 am

അല്‍ നസറും ഇന്റര്‍ മയാമിയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത ആറ് ഗോളുകളുടെ വമ്പന്‍ വിജയം സൗദി വമ്പന്മാര്‍ സ്വന്തമാക്കിയിരുന്നു. 2024ലെ ഇന്റര്‍ മയാമിയുടെ മൂന്നാം തോല്‍വിയായിരുന്നു ഇത്.

അല്‍ നസറിനായി ബ്രസീലിയന്‍ താരം ടാലിസ്‌ക തകര്‍പ്പന്‍ ഹാട്രിക് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 10, 51, 73 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് പിറന്നത്.

മത്സരത്തില്‍ ഗോള്‍ നേടിയതിനുശേഷമുള്ള ടാലിസ്‌കയുടെ സെലിബ്രേഷന്‍ ആണിപ്പോള്‍ വളരെയധികം ശ്രദ്ധ നേടുന്നത്. ഇന്റര്‍ മയാമിക്കെതിരെ ഗോള്‍ നേടിയതിനുശേഷം അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഐക്കോണിക്ക് സെലിബ്രേഷനായ ‘സുയ്’ ആഘോഷം നടത്തുകയായിരുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം പരിക്ക് കാരണം കളത്തില്‍ ഇറങ്ങിയില്ലെങ്കിലും റൊണാള്‍ഡോയുടെ സെലിബ്രേഷന്‍ ബ്രസീലിയന്‍ താരം പുറത്തെടുത്തത് മത്സരത്തില്‍ ഏറെ ശ്രദ്ധേയമായി.

കിങ്ഡം അറീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് അല്‍ നസര്‍ അണിനിരന്നത്. മറുഭാഗത്ത് 5-3-2 എന്ന ശൈലിയുമാണ് ഇന്റര്‍ മയാമി പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ ഒറ്റാവിയോയിലൂടെ അല്‍ നസര്‍ മുന്നിലെത്തുകയായിരുന്നു. 10, 51, 73 എന്നീ മിനിട്ടുകളില്‍ ടാലിസ്‌ക ഹാട്രിക് നേടി. അയ്മെറിക് ലപ്പോര്‍ട്ടെ (12), മുഹമ്മദ് മരന്‍ (68) എന്നിവരായിരുന്നു സൗദി വമ്പന്‍മാരുടെ മറ്റ് ഗോളുകള്‍ നേടിയത്.

മത്സരത്തില്‍ ഇന്റര്‍ മയാമിക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നില്ല. മത്സരത്തിന്റെ 86ാം മിനിട്ടില്‍ ആണ് മെസി കളത്തിലിറങ്ങിയത്. മത്സരത്തില്‍ ഇന്റര്‍ മയാമിക്കായി സൂപ്പര്‍താരങ്ങളായ ലൂയി സുവാരസ്, സെര്‍ജിയോ ബസ്‌ക്വറ്റ്സ്, ജോഡി ആല്‍ബ എന്നിവര്‍ കളത്തിലിറങ്ങിയിട്ട് പോലും ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയാണ് ഇന്റര്‍ മയാമിക്ക് നല്‍കിയത്.

സൗഹൃദ മത്സരത്തില്‍ ഫെബ്രുവരി നാലിന് ഹോങ്കോങ്ങിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. അതേസമയം ഫെബ്രുവരി എട്ടിന് അല്‍ ഹിലാലാണ് അൽ നസറിന്റെ എതിരാളികൾ.

Content Highlight: Talisca celebrate Cristaino Ronaldo goal celebration against Inter Miami.