ന്യൂദല്‍ഹി: താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകളും അവകാശ ലംഘനങ്ങളും ലോകം ഉടന്‍ കാണേണ്ടിവരുമെന്ന് അഫ്ഗാന്‍ ആദ്യ വനിത പൈലറ്റ് നിലൂഫാന്‍ റഹ്മാനി.
ഒരു കാരണവുമില്ലതെ കാബൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് ഒരു സ്ത്രീയെ എറിഞ്ഞുകൊല്ലുന്ന കാഴ്ച ലോകം ഉടന്‍ തന്നെ കാണുമെന്നും അവര്‍ പറഞ്ഞു.
ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വരും കാലങ്ങളില്‍ സ്ത്രീകളെ ബഹുമാനിച്ചുകൊണ്ട് ഭരണം നടത്തുമെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിലൂഫാന്‍ റഹ്മാനിയുടെ പ്രതികരണം വന്നത്. 2013 തൊട്ട് താലിബാനില്‍ നിന്ന് നിലൂഫാന്‍ റഹ്മാനി വധഭീഷണി നേരിടുന്നുണ്ട്.
‘നിര്‍ഭാഗ്യവശാല്‍ എന്റെ കുടുബം ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്. അവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് ഉറക്കം വരുന്നില്ല. മനസ്സിനെ നിയന്ത്രിക്കാന്‍ പോലും സാധിക്കുന്നില്ല,’ എന്നാണ് നിലൂഫാന്‍ റഹ്മാനി പ്രതികരിച്ചത്. മാതാപിതാക്കള്‍ സുരക്ഷിതരാണോ എന്ന കാര്യത്തില്‍ തനിക്ക് ഭയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഉടനീളം തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയത് മാതാപിതാക്കളാണെന്ന് പറഞ്ഞ നിലൂഫാന്‍ അവര്‍ താലിബാന്‍ നോട്ടമിട്ടതിലുള്ള ആശങ്കയും പങ്കുവെച്ചു.
2013ല്‍ 30 വര്‍ഷത്തിനിടെ പൈലറ്റാകുന്ന ആദ്യ അഫ്ഗാന്‍ സ്ത്രീയായി നിലൂഫാന്‍ മാറി. അഫ്ഗാനിസ്ഥാനില്‍ നിന്ന് 2015ല്‍ അമേരിക്കയില്‍ എത്തിയ അവര്‍ 18 മാസം നീളുന്ന ട്രെയ്‌നിങ്ങ് കോഴ്‌സ് പുറത്തിയാക്കി. പിന്നീട് 2016 നിലൂഫാന്‍ യു.എസ് രക്ഷാകേന്ദ്രത്തില്‍ അഭയം തേടുകയും ചെയ്തു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിലപാടുകളെ കുറിച്ചുള്ള സൂചനകള്‍ താലിബാന്‍ പുറത്തുവിട്ടിരുന്നു. ബുര്‍ഖ നിര്‍ബന്ധമാക്കില്ലെന്നും ഹിജാബ് ധരിക്കണമെന്നതില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണമുണ്ടാവുകയെന്നുമാണ് താലിബാന്‍ വക്താക്കളുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
എന്നാല്‍, താലിബാന്‍ ഭരണത്തില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കിലെന്ന് ചൂണ്ടിക്കാട്ടി നിരവധി സ്ത്രീകള്‍ രംഗത്തുവന്നിരുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന താലിബാന്‍ വാദം ലോകരാഷ്ട്രങ്ങളുടെ മേല്‍ വിശ്വാസമര്‍പ്പിക്കാന്‍ വേണ്ടി നടത്തുന്ന വെറും പ്രചാരവേലകളാണെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്.