കാബൂള്‍: ഇറാനിലും പാകിസ്ഥാനിലും നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ വിട്ടുനില്‍ക്കണമെന്ന് താലിബാന്‍. നവംബര്‍ 23ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് താലിബാന്‍ മന്ത്രി അബ്ദുള്‍ റഹ്മാന്‍ റാഷിദ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇറാനിലും പാകിസ്ഥാനിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്. അഫ്ഗാന്‍ പൗരന്മാര്‍ അതില്‍ പങ്കെടുക്കേണ്ടതില്ലെന്നും താലിബാന്‍ മന്ത്രി പറഞ്ഞു.
‘പ്രതിഷേധങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. അവിടുത്തെ ആളുകളാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതില്‍ ആവശ്യമില്ലാതെ പങ്കെടുത്ത് നിങ്ങളുടെ ജീവിതം നശിപ്പിക്കരുത്,’ അബ്ദുള്‍ റഹ്മാന്‍ റാഷിദ് പറഞ്ഞു.
ഇറാനില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് അഫ്ഗാന്‍ അഭയാര്‍ത്ഥികളോടുള്ള താലിബാന്റെ ആഹ്വാനം.
ഇറാനിയന്‍ വനിത മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്നാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായത്. രാജ്യത്തിപ്പോള്‍ നടക്കുന്ന ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അടുത്ത കാലത്തായി ലോകം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നാണ്.
സെപ്തംബര്‍ 17നായിരുന്നു മഹ്‌സ അമിനി എന്ന 22 വയസ്സുകാരി പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്‌സയെ ടെഹ്‌റാനില്‍ നിന്ന് ഇറാന്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്.
ഇറാനില്‍ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 40 വിദേശ പൗരന്മാര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്‍ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
യു.എന്‍ റെഫ്യൂജി ഏജന്‍സി കണക്കുകള്‍ പ്രകാരം താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് 3.4 ദശലക്ഷം ആളുകള്‍ ഇറാനിലേക്ക് കുടിയേറിയിട്ടുണ്ട്. അതില്‍ 2 ദശലക്ഷം പേര്‍ രേഖകളില്ലാത്തവരാണ്. ഈ കണക്കുകള്‍ പ്രകാരം താലിബാന്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതിന് ശേഷവും ലക്ഷക്കണക്കിന് അഫ്ഗാനികള്‍ ഇറാനിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പാകിസ്ഥാനില്‍ പി.ടി.ഐ നേതാവ് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. നവംബര്‍ ആറിന് നടന്ന ലോങ് മാര്‍ച്ചിനിടെ ഇമ്രാന്‍ ഖാന്റെ കാലിന് വെടിയേറ്റിരുന്നു.