മുന്‍ അഫ്ഗാന്‍ സര്‍ക്കാരുമായും അമേരിക്കയുമായും നാറ്റോ അടക്കമുള്ള മറ്റ് യൂറോപ്യന്‍ ശക്തികളുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് താലിബാന്‍ കൂടുതലായി ഉന്നം വെയ്ക്കുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഡോയിഷ് വെല്ല(ഡി.ഡബ്ല്യു)യുടെ മറ്റ് മൂന്ന് ജീവനക്കാരുടെ വീടുകളിലും താലിബാന്‍ സംഘം തിരച്ചില്‍ നടത്തി.
അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോകുന്നതടക്കമുള്ള മറ്റ് അക്രമസംഭവങ്ങളിലും താലിബാന് പങ്കുണ്ടാകാമെന്ന് സംഭവത്തെ മുന്‍നിര്‍ത്തി ഡി.ഡബ്ല്യു വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെ ഡി.ഡബ്ല്യുവിന്റെ ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബേര്‍ഗ് അപലപിച്ചു. ”മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ് പിടിക്കാനായി താലിബാന്റ ഭാഗത്ത് നിന്നുള്ള ഒരു ആസൂത്രിത നീക്കമായേ ഇതിനെ കാണാനാകൂ. കാബൂളിലും സമീപപ്രദേശങ്ങളിലും ഇത് നടക്കുന്നുണ്ട്.
ഞങ്ങളുടെ എഡിറ്റര്‍മാരില്‍ ഒരാളുടെ ബന്ധുവിനെ താലിബാന്‍ കൊലപ്പെടുത്തിയ സംഭവം വലിയൊരു ദുരന്തം തന്നെയാണ്. ജീവന് തന്നെ ഭീഷണി നേരിട്ടുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ജീവിക്കുന്നത് എന്നതിന്റെ തെളിവാണിത്,” ലിംബേര്‍ഗ് പറഞ്ഞു.
അതേസമയം മരിച്ചയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്വതന്ത്രമാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയായ ‘റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്’ അഫ്ഗാനിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 16ന് കാണ്ഡഹാറില്‍ വെച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖിയെ താലിബാന്‍ വധിച്ചതാണെന്ന് അഫ്ഗാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഫ്ഗാന്‍ കീഴടക്കുകയും പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിടുകയും ചെയ്തതോടെ വലിയ രീതിയിലുള്ള അക്രമങ്ങളാണ് താലിബാന്‍ രാജ്യമൊന്നാകെ അഴിച്ചുവിടുന്നത്.