കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഏക വനിതാ റേഡിയോ സ്റ്റേഷനായ റേഡിയോ ബീഗത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ച് താലിബാൻ. 2021ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് പിന്മാറിയതിനുശേഷം റേഡിയോ സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ റേഡിയോ സ്റ്റേഷൻ ഒന്നിലധികം നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് സ്റ്റേഷൻ അടച്ച് പൂട്ടിയിരിക്കുന്നത്.
‘റേഡിയോ ബീഗം സ്റ്റേഷനിൽ നടത്തിയ റെയ്ഡും തുടർന്നുള്ള സസ്‌പെൻഷനും അവർ ഒന്നിലധികം നിയമങ്ങൾ ലംഘിച്ചത് മൂലമാണ്,’ താലിബാൻ പറഞ്ഞു. കാബൂളിൽ സ്ഥിതി ചെയ്യുന്ന താലിബാന്റെ വാർത്താവിനിമയ സാംസ്കാരിക മന്ത്രാലയമാണ് റേഡിയോ സ്റ്റേഷനിൽ പരിശോധന നടത്തിയത്.
റേഡിയോ സ്റ്റേഷനിലെ ജീവനക്കാരിൽ നിന്ന് കമ്പ്യൂട്ടറുകൾ, ഹാർഡ് ഡ്രൈവുകൾ, ഫയലുകൾ, ഫോണുകൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായും ഒപ്പം റേഡിയോ സ്റ്റേഷനിലെ രണ്ട് പുരുഷ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും റേഡിയോ ബീഗം പ്രസ്താവനയിൽ പറഞ്ഞു.
പ്രക്ഷേപണ നയം ലംഘിച്ചുവെന്നും സ്റ്റേഷന്റെ ലൈസെൻസ് ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ചാണ് റേഡിയോ സ്റ്റേഷൻ റെയ്ഡ് ചെയ്ത് സസ്പെൻഡ് ചെയ്തതെന്ന് ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രാലയം സമ്മതിച്ചു.
റേഡിയോ സ്റ്റേഷന്റെ പ്രവർത്തനം നിർത്തിവച്ചതിനെ മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്) അപലപിക്കുകയും താലിബാൻ ഉടൻ തന്നെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ വർഷം താലിബാൻ പൊതു, സ്വകാര്യ മേഖലകളിൽ കുറഞ്ഞത് 12 മാധ്യമ സ്ഥാപനങ്ങളെങ്കിലും അടച്ചുപൂട്ടിയതായി വാച്ച്ഡോഗ് കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ പത്രസ്വാതന്ത്ര്യ സൂചികയിൽ അഫ്ഗാനിസ്ഥാന്റെ സ്ഥാനം 180 രാജ്യങ്ങളിൽ 178 ആണ്.
യു.എസ് സൈന്യം മേഖലയിൽ നിന്ന് പിൻവാങ്ങിയതിനുശേഷം താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് അഞ്ച് മാസം മുമ്പ്, അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 2021 മാർച്ച് എട്ടിനാണ് റേഡിയോ ബീഗം സ്ഥാപിതമായത്.
ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും അംഗീകരിക്കാത്ത ഗ്രൂപ്പായ താലിബാൻ, അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിനുശേഷം മാധ്യമ രംഗത്ത് തങ്ങളുടെ പിടി മുറുക്കുകയാണ്.
ഭരണത്തിലേറുന്നതിന് മുമ്പ് സ്ത്രീകൾക്ക് സർവകലാശാല വരെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അധികാരത്തിലേറിയതിന് ശേഷം അവർ സ്ത്രീകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു. പെൺകുട്ടികൾക്കായുള്ള സെക്കൻഡറി സ്കൂളുകൾ അടച്ചുപൂട്ടി.
സ്ത്രീകൾ സർവകലാശാലയിൽ ചേരുന്നതിൽ നിന്നും, മിക്ക മേഖലകളിലും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള എൻ.ജി.ഒകളിലും ജോലി ചെയ്യുന്നതിൽ നിന്നും വിലക്കി. പുരുഷ രക്ഷാധികാരിയില്ലാതെ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പാടില്ല, പാർക്കുകൾ, ജിമ്മുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്നും വിലക്ക് തുടങ്ങിയ നിയമങ്ങളും അവർ കൊണ്ടുവന്നു.
Content Highlight: Taliban suspends Radio Begum, Afghanistan’s only women radio station for violations