കാബൂള്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍. കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവെച്ചു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷനാണ് (എഫ്.ഐ.ഇ.ഒ) ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാനില്‍ നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്ഥാനിലൂടെയാണ് നടന്നിരുന്നത്.
‘താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,’ – എഫ്.ഐ.ഇ.ഒ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് പറഞ്ഞു.
ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ.
2021ല്‍ അഫ്ഗാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി.
കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്ക് ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. 400ഓളം പദ്ധതികളുമുണ്ട്. അവയില്‍ ചിലത് ഇപ്പോഴും നടക്കുന്നുണ്ടെന്നും അജയ് സഹായ് പറഞ്ഞു.
സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15, 16 തിയതികളിലായാണ് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ രാജ്യം വിട്ടുപോയി.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം പിടിച്ചടക്കിയത്.