ഇത് നിങ്ങളുടെ രാജ്യമാണ്, എങ്ങോട്ടും പോകരുത്; ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹിന്ദുക്കളെയും സിഖുകാരെയും തടഞ്ഞ് താലിബാന്‍
World News
ഇത് നിങ്ങളുടെ രാജ്യമാണ്, എങ്ങോട്ടും പോകരുത്; ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹിന്ദുക്കളെയും സിഖുകാരെയും തടഞ്ഞ് താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd August 2021, 12:40 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച 72 പേരെ താലിബാന്‍ തടഞ്ഞുവെച്ചു. ഹിന്ദുക്കളും സിഖുകാരുമായ അഫ്ഗാന്‍ പൗരന്മാരെയാണ് തടഞ്ഞത്.

കാബൂള്‍ വിമാനത്താവളം വഴി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് തടഞ്ഞത്. രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തില്‍ രണ്ട് മുന്‍ പാര്‍ലമെന്റംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. നരീന്ദര്‍ സിംഗ് ഖല്‍സ, അനാര്‍ക്കലി കൗര്‍ ഹൊനാര്‍യാര്‍ എന്നീ ന്യൂനപക്ഷ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്.

രക്ഷപ്പെടാന്‍ ശ്രമിച്ച 72 പേരും അഫ്ഗാനികള്‍ ആയതിനാല്‍ അഫ്ഗാനിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു താലിബാന്‍ അവരെ തിരിച്ചയച്ചത്.

ഇന്ത്യക്കാര്‍ക്കൊപ്പം ഹിന്ദു, സിഖ് മതസ്ഥരായ അഫ്ഗാന്‍കാരെയും രക്ഷപ്പെടുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിനൊപ്പം വേള്‍ഡ് പഞ്ചാബി ഓര്‍ഗനൈസേഷന്റെയും (ഡബ്ല്യു.പി.ഒ) ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

”80 ഇന്ത്യക്കാരുടെ സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ തയ്യാറായിരുന്നവരായിരുന്നു അത്. വെള്ളിയാഴ്ച മുതല്‍ വിമാനത്താവളത്തിന് പുറത്ത് 12 മണിക്കൂറോളം അവര്‍ കാത്തുനിന്നിരുന്നു,” സംഘത്തെ താലിബാന്‍ തടഞ്ഞതില്‍ ഡബ്ല്യു.പി.ഒ പ്രസിഡന്റ് വിക്രംജിത് സിംഗ് സാഹ്നി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.

സംഘം കാബൂളിലെ ഗുരുദ്വാരയില്‍ സുരക്ഷിതരാണെന്ന് സാഹ്നി പറഞ്ഞു.

”അഫ്ഗാനില്‍ നിന്നുള്ള ഹിന്ദു, സിഖ് മതസ്ഥരെ രക്ഷപ്പെടുത്തുന്നതിന് ഇനിയുള്ള ഒരേയൊരു വഴി താലിബാനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുക എന്നുള്ളതാണ്. ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഗുരു തേഘ് ബഹദുര്‍ജിയുടെ 400-ാം ജന്മവാര്‍ഷിക ആഘോഷചടങ്ങുകളില്‍ സിഖുകാര്‍ക്ക് പങ്കെടുക്കണമെന്ന കാരണം പറഞ്ഞ് നോക്കുകയാണ് ഇനിയുള്ള വഴി,” സാഹ്നി കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് ശേഷം ഇത് വരെ അഫ്ഗാന്‍കാരായ 280 സിഖുകാരും ഏകദേശം 40 ഹിന്ദുക്കളും കാബൂളിലെ കര്‍തെ പര്‍വന്‍ ഗുരുദ്വാരയില്‍ അഭയം തേടിയിട്ടുണ്ട്. അഫ്ഗാന്‍ വിടേണ്ട കാര്യമില്ലെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നുമാണ് താലിബാന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി.

2020 മാര്‍ച്ച് 25ന് കാബൂളിലെ ഒരു ഗുരുദ്വാരയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ അതിക്രമിച്ച് കടക്കുകയും വെടിയുതിര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 25 സിഖുകാര്‍ മരിച്ചിരുന്നു. തുടര്‍ന്ന് തങ്ങളെ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് അവിടെയുള്ള ഹിന്ദുക്കളും സിഖുകാരും ഇന്ത്യ, കാനഡ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ അഫ്ഗാനില്‍ തുടരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കാബൂള്‍, ജലാലബാദ്, ഗസ്നി എന്നിവിടങ്ങളില്‍ നിരവധി ഹിന്ദു, സിഖ് കുടുംബങ്ങള്‍ വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2020ലെ ഗുരുദ്വാര ആക്രമണം നടന്ന സമയത്ത് 700 ല്‍ താഴെ സിഖുകാരും ഹിന്ദുക്കളുമാണ് അഫ്ഗാനില്‍ ഉണ്ടായിരുന്നത്. അവിടുന്നിങ്ങോട്ട് ഏകദേശം 400 ഓളം പേര്‍ വിവിധ ഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Taliban stop 72 Afghan Sikhs, Hindus headed to India: You are Afghans, so can’t leave