പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങി സഞ്ചരിക്കേണ്ട, ഹിജാബ് ധരിക്കാത്ത സ്ത്രീകളെ വണ്ടിയില്‍ കയറ്റേണ്ട; പുതിയ നിയന്ത്രണങ്ങളുമായി താലിബാന്‍
World News
പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങി സഞ്ചരിക്കേണ്ട, ഹിജാബ് ധരിക്കാത്ത സ്ത്രീകളെ വണ്ടിയില്‍ കയറ്റേണ്ട; പുതിയ നിയന്ത്രണങ്ങളുമായി താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th December 2021, 4:59 pm

കാബൂള്‍: പുരുഷന്മാരായ ബന്ധുക്കള്‍ കൂടെയില്ലാതെ സ്ത്രീകളെ അധികദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍.

ഞായറാഴ്ചയായിരുന്നു താലിബാന്‍ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

ചെറിയ ദൂരപരിധിക്കപ്പുറം യാത്ര ചെയ്യുന്ന സ്ത്രീകളെ, ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത പക്ഷം യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നാണ് താലിബാന്‍ പറയുന്നത്.

‘മിനിസ്ട്രി ഫോര്‍ ദ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്’ ആണ് ഇത് സംബന്ധിച്ച ഗൈഡന്‍സ് പുറത്തുവിട്ടത്.

ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നും വാഹന ഉടമകളോട് താലിബാന്‍ ഉത്തരവിട്ടിട്ടുണ്ട്.

”45 മൈലിനധികം ദൂരം (72 കിലോമീറ്റര്‍) സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക്, കൂടെ ഒരു പുരുഷ കുടുംബാംഗമില്ലാത്ത പക്ഷം റൈഡ് ഓഫര്‍ ചെയ്യരുത്,” മന്ത്രാലയത്തിന്റെ വക്താവ് സാദിഖ് അകിഫ് മുഹാജിര്‍ എ.എഫ്.പിയോട് പ്രതികരിച്ചു.

സ്ത്രീകള്‍ അഭിനയിക്കുന്ന സീരിസുകളും മറ്റ് പരിപാടികളും അഫ്ഗാനിലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്ന് കുറച്ച് മുമ്പ് താലിബാന്‍ പറഞ്ഞിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരോട് ടി.വിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

മുന്‍കാല ഭരണത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതായിരിക്കും ഇത്തവണ താലിബാന്‍ ഭരണകൂടമെന്നായിരുന്നു അവര്‍ ഭരണം പിടിച്ചെടുത്ത ശേഷം പറഞ്ഞിരുന്നത്. എന്നാല്‍ അതിനെക്കാള്‍ മോശം സ്ഥിതിയിലാണ് അവരുടെ ഓരോ നിലപാടുകളും പുറത്തുവരുന്നതോടെ വ്യക്തമാവുന്നത്.

അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ട് താലിബാന്‍ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ മിനിസ്ട്രി ഓഫ് പീസ്, മിനിസ്ട്രി ഓഫ് പാര്‍ലമെന്ററി അഫയേഴ്സ്, സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മിനിസ്ട്രി ഓഫ് വിമന്‍ അഫയേഴ്സ് എന്നിവയും താലിബാന്‍ സര്‍ക്കാര്‍ ഈയാഴ്ച പിരിച്ചുവിട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിരുന്നു.

മിനിസ്ട്രി ഓഫ് വിമന്‍ അഫയേഴ്സിന് പകരമായാണ് മിനിസ്ട്രി ഫോര്‍ ദ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് വകുപ്പ് സ്ഥാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Taliban says no trips for Afghan women unless escorted by male relative