| Friday, 18th March 2022, 8:16 am

പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കുമെന്ന് താലിബാന്‍; ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തില്ല, പഠിപ്പിക്കുന്നത് വനിതാ അധ്യാപകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ഹൈസ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് താലിബാന്‍. പെണ്‍കുട്ടികള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ വിദ്യാഭ്യാസം അനുവദിക്കുമോയെന്ന കാര്യത്തിലുള്ള മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം.

എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സ്‌കൂളുകള്‍ തുറക്കാന്‍ പോകുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവായ അസീസ് അഹമ്മദ് റയാന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാല്‍ ഇതിന്റെ ഭാഗമായി ചില നിബന്ധനകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തി പഠിപ്പിക്കില്ല. ഇവരെ പഠിപ്പിക്കുന്നത് വനിതാ അധ്യാപകര്‍ മാത്രമായിരിക്കും. സ്ത്രീകളായ അധ്യാപകരില്ലാത്ത ഗ്രാമീണ മേഖലകളില്‍ പ്രായമായ പുരുഷ അധ്യാപകരെ കൊണ്ട് പെണ്‍കുട്ടികളെ പഠിപ്പിക്കും,’ അസീസ് അഹമ്മദ് പറഞ്ഞു.

‘ഈ വര്‍ഷം ഒരു സ്‌കൂളുകളും അടഞ്ഞു കിടക്കില്ല, അഥവാ അങ്ങനെ വന്നാല്‍ തുറക്കേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിന്റേതായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയതിന് ശേഷം അന്താരാഷ്ട്ര സമൂഹം താലിബാനോട് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് പെണ്‍കുട്ടികളെയും സ്ത്രീകളെയും സ്‌കൂളുകളിലും കോളേജുകളിലും പ്രവേശിപ്പിക്കുക എന്നത്.

പെണ്‍കുട്ടികളോടും സ്ത്രീകളോടുമുള്ള താലിബാന്റെ മനോഭാവത്തില്‍ മിക്ക രാജ്യങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാത്രവുമല്ല മുന്‍ സര്‍ക്കാരിന്റെ സൈനികരോടും ഉദ്യാഗസ്ഥരോടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലും താലിബാനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങളിന്മേല്‍ അന്വേഷണം നടത്തുമെന്നും മുന്‍ ശത്രുക്കളോട് പ്രതികാര മനോഭാവത്തോടെ പെരുമാറില്ലെന്നും താലിബാന്‍ പറഞ്ഞിരുന്നു.

1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണത്തിന്‍ കീഴില്‍ സ്ത്രീകളെ വിദ്യാഭ്യാസം നേടുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവദിച്ചിരുന്നില്ല.

എന്നാല്‍ തങ്ങള്‍ പിന്തുടരുന്ന ഇസ്‌ലാമിക ആചാരങ്ങളോടൊപ്പം വികസനം കൈവരിക്കാനും വ്യാപകമായ ദാരിദ്ര്യം ഇല്ലാതാക്കാനുമുള്ള ശ്രമമാണ് താലിബാന്‍ നടത്തുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമനുസൃതമായുള്ള സ്ത്രീകളുടെ അവകാശങ്ങളെ തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് താലിബാന്‍ പറഞ്ഞു.

എന്നാല്‍ താലിബാന്‍ ഭരണത്തിന്‍കീഴില്‍ തങ്ങള്‍ക്ക് പൊതുവിടങ്ങളിലേക്ക് കടക്കാനാവുന്നില്ലെന്നും ജോലി നേടാനാവുന്നില്ലെന്നും സ്ത്രീകള്‍ പരാതിപ്പെടുന്നു. ചിലര്‍ക്ക് ജോലി സ്ഥലങ്ങളില്‍ നിന്നും പുറത്ത് പോകേണ്ടി വന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.


Content Highlight: Taliban says girls will be allowed into schools

We use cookies to give you the best possible experience. Learn more