കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി താലിബാന്‍. താലിബാന്റെ പുതിയ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അബ്ദുള്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം മാധ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അറിയിച്ചത്.
താലിബാന്റെ പുതിയ വിദ്യാഭ്യാസനയം പ്രകാരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളില്ലാത്ത ക്ലാസ് മുറികളില്‍ പഠിക്കാനുള്ള അനുവാദം നല്‍കുമെന്ന് ഹഖാനി അറിയിച്ചു.
ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ പഠനം പുനരാരംഭിക്കാമെന്നും എന്നാല്‍ ഇസ്‌ലാം മതം അനുശാസിക്കുന്ന വേഷവിധാനങ്ങള്‍ നിര്‍ബന്ധമായിരിക്കുമെന്നും ഹഖാനി കൂട്ടിച്ചേര്‍ത്തു.
‘ഇസ്‌ലാമിക രീതിയിലുള്ള വേഷങ്ങള്‍ ധരിച്ചു വേണം വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലുമെത്താന്‍. ഹിജാബ് നിര്‍ബന്ധമായും ധരിക്കണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ മുറിയിരുന്ന് പഠിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ഹഖാനി പറഞ്ഞു.
യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുന്ന വിഷയങ്ങളും സിലബസുകളും തങ്ങള്‍ വിലയിരുത്തിയെന്നും, സംഗീതമടക്കമുള്ള അനിസ്‌ലാമികമായതൊന്നും പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഹഖാനി പറഞ്ഞു.
തങ്ങള്‍ പുറകോട്ട് നടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇപ്പോഴുള്ളതില്‍ നിന്നും മുന്നോട്ട് പോവാനാണ് താലിബാന്‍ തീരുമാനിച്ചിട്ടുള്ളത് എന്നും ഹഖാനി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളോടുള്ള തങ്ങളുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് താലിബാന്റെ വാദം. എന്നാല്‍ തുല്യ അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്‍ അടിച്ചമര്‍ത്തിയരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Taliban say girls may study in no-men classrooms, hijabs must