| Friday, 20th August 2021, 9:24 am

അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടാനാണ് താലിബാന്റെ ആഗ്രഹം, ഇതാണ് നമ്മുടെ മുന്നിലുള്ള ഏക അവസരം: ലോകരാഷ്ട്രങ്ങളോട് ഐക്യരാഷ്ട്രസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയെടുക്കാനുള്ള താലിബാന്റെ ആഗ്രഹം മാത്രമാണ് അവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് മുന്നിലുള്ള ഏക വഴിയെന്ന് തുറന്നുസമ്മതിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്രസ്.

മനുഷ്യാവകാശങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെ പരിഗണിക്കും വിധം സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാനെ നിര്‍ബന്ധിതരാക്കാന്‍ ഈ ഒറ്റക്കാര്യം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്ന് ആന്റോണിയോ ഗുട്രസ് പറഞ്ഞു.

‘സെക്യുരിറ്റി കൗണ്‍സിലുള്ള എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയെടുക്കാനുള്ള താലിബാന്റെ ആഗ്രഹത്തെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കണം.

ഇത്തരത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കുന്ന ഒരു മുന്നണി രൂപപ്പെട്ടാല്‍ താലിബാന്‍ ഇന്‍ക്ലൂസീവായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലുകള്‍ തടസം കൂടാതെ തുടരനാകും. തീവ്രവാദം വളര്‍ത്താനുള്ള മണ്ണായി അഫ്ഗാനെ മാറ്റാതിരിക്കാനും ഈ സമ്മര്‍ദങ്ങള്‍ക്ക് സാധിക്കും,’ ആ്‌ന്റോണിയ ഗുട്രസ് പറഞ്ഞു.

ഈ അവസരത്തെ കുറിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. താലിബാനുമായി സംസാരിക്കാന്‍ തയ്യാറാണെന്നും ആന്റോണിയോ ഗുട്രസ് മാധ്യമങ്ങളോട് പറഞ്ഞു.

‘ആരോടാണ് സംസാരിക്കേണ്ടതെന്നും ഏത് വിഷയത്തിലാണ് സംസാരിക്കേണ്ടതെന്നും വ്യക്തമായി കഴിഞ്ഞാല്‍ ഞാന്‍ തന്നെ അവരോട് സംസാരിക്കാന്‍ തയ്യാറാണ്. നിലവില്‍ ഐക്യരാഷ്ട്രസഭ പ്രതിനിധികള്‍ അഫ്ഗാനിസ്ഥാനിലുണ്ട്. അവര്‍ താലിബാന്‍ അംഗങ്ങളുമായി ബന്ധം സൂക്ഷിക്കുന്നുണ്ട്,’ ഗുട്രസ് പറഞ്ഞു.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയതും ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാന്‍ പിടിച്ചെടുത്തതും.

രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍.

അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. നേരത്തെ താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ മടങ്ങിവരുമെന്ന പേടിയിലാണ് ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നത്.

അതേസമയം താലിബാന്‍ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ കടുത്ത അടിച്ചമര്‍ത്തലിനും അവകാശലംഘനനങ്ങള്‍ക്കും വിധേയമാകേണ്ടി വരുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ താലിബാന്‍ പറയുന്ന നിലപാടുകള്‍ മുഖംമിനുക്കല്‍ നടപടികള്‍ മാത്രമാണെന്നും അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ ഫലമായി ഉണ്ടാകുന്നതാണെന്നുമാണ് ഇവര്‍ പറയുന്നത്.

സ്ത്രീകള്‍ക്ക് പൊതുവിടങ്ങളില്‍ ബുര്‍ഖ നിര്‍ബന്ധമാക്കില്ലെന്നും ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിക്കുമെന്നും താലിബാന്‍ വക്താക്കള്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Taliban’s Desire For Recognition Is Only Leverage Point, Says UN Chief

We use cookies to give you the best possible experience. Learn more