| Wednesday, 12th January 2022, 9:30 am

താലിബാന്‍ വക്താവിനെ 'എരുമക്കുട്ടി' എന്ന് വിളിച്ചു; അറസ്റ്റിലായിരുന്ന ഫൈസുല്ല ജലാലിനെ വിട്ടയച്ചതായി മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: താലിബാന്‍ ഭരണകൂടത്തിന്റയും നേതാക്കളുടെയും നിരന്തര വിമര്‍ശകനായ അഫ്ഗാന്‍ പ്രൊഫസര്‍ ഫൈസുല്ല ജലാലിനെ താലിബാന്‍ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചതായി റിപ്പോര്‍ട്ട്.

കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഫൈസുല്ല ജലാലിനെ ശനിയാഴ്ചയായിരുന്നു താലിബാന്റെ രഹസ്യാന്വേഷണവിഭാഗം അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇദ്ദേഹത്തെ വിട്ടയച്ചതായി കഴിഞ്ഞദിവസം ഫൈസുല്ലയുടെ മകള്‍ ഹസീന ജലാല്‍ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

”അടിസ്ഥാനമില്ലാത്ത കുറ്റങ്ങളുടെ പേരില്‍ നാല് ദിവസത്തോളം തടവിലിട്ടതിന് ശേഷം പ്രൊഫസര്‍ ജലാലിനെ ഒടുവില്‍ മോചിപ്പിച്ചതായി സ്ഥിരീകരിക്കുന്നു,” ഹസീന ട്വീറ്റ് ചെയ്തു.

താലിബാന്‍ നേതാവ് മുഹമ്മദ് നഈമിനെ എരുമക്കുട്ടി (Calf) എന്ന് വിളിച്ചതിനായിരുന്നു ഫൈസുല്ലയെ അറസ്റ്റ് ചെയ്തത്. ഒരു ചാനല്‍ ചര്‍ച്ചക്കിടെയായിരുന്ന ഫൈസുല്ലയുടെ ഈ പരാമര്‍ശം.

ഫൈസുല്ലയുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയാവുകയും അറസ്റ്റില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഫൈസുല്ലയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മകള്‍ ഹസീന ട്വിറ്ററില്‍ ക്യാംപെയിനും ആരംഭിച്ചിരുന്നു.

അഫ്ഗാനില്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യത്തെ വനിതയായ മസ്ഊദയുടെ ഭര്‍ത്താവാണ് ഫൈസുല്ല. 2004ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹാമിദ് കര്‍സായിക്കെതിരെയായിരുന്നു മസ്ഊദ മത്സരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Taliban released Afghan professor from custody, who was arrested for calling Taliban spokesman, a ‘calf’

We use cookies to give you the best possible experience. Learn more