കാബൂള്‍: മരവിപ്പിച്ച അഫ്ഗാനിസ്ഥാന്റെ സ്വത്തുക്കള്‍ സ്വിസ് ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശത്തെ തള്ളി താലിബാന്‍.
മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് കൈമാറാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കത്തെയാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ തള്ളിയത്.
പിടിച്ചെടുത്ത പണം അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിലേക്ക് നേരിട്ട് അയയ്ക്കാനും താലിബാന്‍ യു.എസിനോട് ആവശ്യപ്പെട്ടു.
മരവിപ്പിച്ച ഫണ്ടിന്റെ ഒരു ഭാഗം സ്വിസ് ബാങ്ക് വഴി വിതരണം ചെയ്യാന്‍ യു.എസ് ഒരു അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിച്ചു, എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് താലിബാന്‍ വിഷയത്തില്‍ പ്രസ്താവന പുറത്തുവിട്ടത്.
ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്സിന് (Bank of International Settlements) 3.5 ബില്യണ്‍ ഡോളര്‍ നല്‍കാനുള്ള അമേരിക്കയുടെ പദ്ധതികള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ടി.ആര്‍.ടി വേള്‍ഡിന്റെ റിപ്പോര്‍ട്ടിന് മറുപടിയായാണ് ചൊവ്വാഴ്ച താലിബാന്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
”റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. പക്ഷേ അഫ്ഗാനിസ്ഥാന്‍ ബാങ്കിലേക്ക് (Da Afghanistan Bank- DAB) ആ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിലെ ഒരു താലിബാന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
എങ്കിലും, യു.എസ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു തേഡ് പാര്‍ട്ടി മോണിറ്ററിങ് സിസ്റ്റത്തിന് തയ്യാറാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
2021 ഓഗസ്റ്റ് 15നായിരുന്നു താലിബാന്‍ കാബൂള്‍ പിടിച്ചടക്കുകയും പ്രസിഡന്റ് അഷ്റഫ് ഘാനിയുടെ യു.എസ് പിന്തുണയോടെയുള്ള സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്തത്. ഇതിന് ശേഷം യു.എസിന്റെയും മറ്റ് വിദേശ ബാങ്കുകളുടെയും കൈവശമുള്ള അഫ്ഗാനിസ്ഥാന്റെ സെന്‍ട്രല്‍ ബാങ്ക് വിദേശ കറന്‍സി ആസ്തികളില്‍ ഏകദേശം ഒമ്പത് ബില്യണ്‍ ഡോളര്‍ യു.എസ് മരവിപ്പിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ തടഞ്ഞുവെച്ച, മരവിപ്പിച്ച സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് അഫ്ഗാനിലെ ജനങ്ങള്‍ ഏറെ നാളായി പ്രതിഷേധത്തിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ നൂറുകണക്കിന് പേര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
‘ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ’, ‘തടഞ്ഞുവെച്ചിരിക്കുന്ന ഞങ്ങളുടെ പണം ഞങ്ങള്‍ക്ക് തിരികെ തരൂ’ എന്നിങ്ങനെ എഴുതിയിട്ടുള്ള ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.