| Sunday, 25th December 2022, 8:18 am

'ഇസ്‌ലാമിക വസ്ത്രധാരണ രീതി പാലിച്ചില്ല'; എന്‍.ജി.ഒകളില്‍ വനിതാ ജീവനക്കാര്‍ വേണ്ടെന്ന് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: വനിതാ ജീവനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ എന്‍.ജി.ഒകള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന താലിബാന്‍ സര്‍ക്കാരിന്റെ വിവാദ ഉത്തരവ് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ഇപ്പോള്‍ ഈ നടപടിയും.

സ്ത്രീ ജീവനക്കാര്‍ ജോലിക്ക് വരുന്നത് തടയാന്‍ എല്ലാ പ്രാദേശിക- വിദേശ എന്‍.ജി.ഒകളോടും ഉത്തരവിട്ടതായി താലിബാന്‍ സര്‍ക്കാരിലെ സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട കത്തില്‍ പറയുന്നു.

സ്ത്രീകളുടെ ഇസ്‌ലാമിക വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള താലിബാന്‍ ഭരണകൂടത്തിന്റെ വ്യാഖ്യാനം ചിലര്‍ പാലിക്കാത്തതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വനിതാ ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് സാമ്പത്തിക മന്ത്രാലയ വക്താവ് അബ്ദുള്‍റഹ്മാന്‍ ഹബീബ് (Abdulrahman Habib) കത്തില്‍ പറയുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവ് ലംഘിക്കുന്ന എന്‍.ജി.ഒകളുടെ അഫ്ഗാനിലെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കുമെന്നും കത്തിലുണ്ട്.

അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സികളെ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നതില്‍ വ്യക്തതയില്ല.

‘മാനുഷിക തത്വങ്ങളുടെ പരസ്യമായ ലംഘനമായ ഈ കത്തിന്റെ റിപ്പോര്‍ട്ടുകളില്‍ വലിയ ആശങ്കയുണ്ടെ’ന്ന് അഫ്ഗാനിലെ യു.എന്‍ ഡെപ്യൂട്ടി സ്‌പെഷ്യല് റപ്രസെന്റേറ്റീവും ഹ്യുമാനിറ്റേറിയന്‍ കോര്‍ഡിനേറ്ററുമായ റമിസ് അലക്ബറോവ് (Ramiz Alakbarov) പറഞ്ഞു.

കുറച്ച് ദിവസം മുമ്പായിരുന്നു അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍വകലാശാലകളിലെ ലിംഗഭേദം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്ന ചില വിഷയങ്ങള്‍ ഇസ്‌ലാമിന്റെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നുമാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നിഷേധിച്ച നടപടിയെ ന്യായീകരിച്ചുകൊണ്ട് താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദിം (Nida Mohammad Nadim) പ്രതികരിച്ചത്.

വിദ്യാഭ്യാസ വിലക്കിനെതിരെ പ്രതികരിച്ചുകൊണ്ട് അഫ്ഗാനിലെ സ്ത്രീകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
താലിബാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍ പോലുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചിരുന്നു.

നേരത്തെ അഫ്ഗാനില്‍ സെക്കന്ററി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പുതിയ നടപടിപ്രകാരം നിലവില്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും പുറത്താകും.

ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെയാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളെ വിലക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. വിലക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.

‘സ്ത്രീകളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയാണ്. ഇത് ഉടനടി നടപ്പിലാക്കണം. പുതിയ ഒരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരും,’ നിദ മുഹമ്മദ് നദിം പുറത്തുവിട്ട ഉത്തരവില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സര്‍വകലാശാലകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

അതിനിടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച നടപടി തുടരുമ്പോഴും താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ വിദേശത്ത് പഠിക്കുന്നതായ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രണ്ട് ഡസനിലധികം താലിബാന്‍ നേതാക്കളുടെ പെണ്‍മക്കളാണ് ദോഹ, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളിലായി പഠനം നടത്തുന്നത്.

അഫ്ഗാന്റെ ആരോഗ്യമന്ത്രി ഖലന്ദര്‍ ഇബാദ്, വിദേശകാര്യ സഹമന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ്, താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ തുടങ്ങിയവരുടെ മക്കളാണ് ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടുന്നത്.

Content Highlight: Taliban orders NGOs to to stop women workers from coming to work and send back them home

We use cookies to give you the best possible experience. Learn more