കോഴിക്കോട്: മലബാര്‍ കലാപം താലിബാന്റെ ആദ്യ രൂപമെന്ന് ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടിവ് അംഗം റാം മാധവ്. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതി കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാര്‍ മലബാര്‍ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തത്. ഇതവരുടെ ജീനില്‍ ഉള്ളതാണ്,’ റാം മാധവ് പറഞ്ഞു.
രാജ്യത്തെ വിഭജിക്കുന്നതിലെത്തിച്ച കലാപത്തിന്റെ തുടക്കമാണ് 1921ല്‍ കേരളത്തില്‍ നടന്നത്. ഇതേ മനോഭാവമുള്ളവരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
‘താലിബാന്‍ സംഘടനയല്ല, മനോഭാവമാണ്. ഇതിന് ഏറ്റവും കൂടുതല്‍ ഇരയായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിഭജനകാലത്തടക്കം അത് കണ്ടു. അതില്‍ ഏറ്റവും ആദ്യത്തേതാണ് കേരളത്തില്‍ നടന്ന മാപ്പിള കലാപം,’ റാം മാധവ് പറഞ്ഞു.
നേരത്തെ സമാന പ്രതികരണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയും രംഗത്തെത്തിയിരുന്നു. ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.