| Saturday, 7th January 2023, 11:05 am

നിങ്ങള്‍ കൊന്നത് മനുഷ്യരെയാണ്; പക്ഷെ നിങ്ങളുടെ സൈനികര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അവര്‍ വെറും ചെസ്സ് പീസുകളായിരുന്നു; ഹാരിക്കെതിരെ താലിബാന്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ബ്രിട്ടീഷ് രാജകുടുംബാംഗവും ചാള്‍സ് രാജാവിന്റെ മകനുമായ ഹാരിയുടെ പുറത്തിറങ്ങാനിരിക്കുന്ന ‘സ്‌പെയര്‍’ എന്ന ആത്മകഥയിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ താലിബാന്‍.

ബ്രിട്ടീഷ് വ്യോമസേനയില്‍ സേവനമനുഷ്ടിച്ചിരുന്ന സമയത്ത് വ്യോമാക്രമണങ്ങളിലൂടെ 25 താലിബാന്‍ സൈനികരെ കൊലപ്പെടുത്തിയതായി തന്റെ ഓര്‍മക്കുറിപ്പില്‍ ഹാരി വെളിപ്പെടുത്തുന്നുണ്ട്. 25 പേരെ കൊലപ്പെടുത്തിയതിനെ ചെസ്സ് ബോര്‍ഡിലെ കരുക്കള്‍ നീക്കിയതുപോലെയാണ് അദ്ദേഹം അത്മകഥയില്‍ വിശേഷിപ്പിക്കുന്നതെന്നാണ് വിവിധ ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഈ വെളിപ്പെടുത്തലിനെതിരെയാണ് താലിബാന്റെ സീനിയര്‍ നേതാവ് അനസ് ഹഖാനി രംഗത്തെത്തിയത്. ഹാരി കൊന്നുതള്ളിയവര്‍ അന്ന് താലിബാന്റെ സൈന്യത്തിലുണ്ടായിരുന്നവരല്ലെന്നും കുടുംബവും ബന്ധങ്ങളുമുള്ള അഫ്ഗാനിലെ സാധാരണക്കാരായ മനുഷ്യരായിരുന്നെന്നുമാണ് അനസ് ഹഖാനി പ്രതികരിച്ചത്.

”മിസ്റ്റര്‍ ഹാരി! നിങ്ങള്‍ കൊന്നത് ചെസ്സ് പീസുകളെയല്ല, അവര്‍ മനുഷ്യരായിരുന്നു. നിങ്ങള്‍ പറഞ്ഞത് സത്യമാണ്, ഞങ്ങളുടെ നിരപരാധികളായ ജനങ്ങള്‍ നിങ്ങളുടെ പട്ടാളക്കാര്‍ക്കും സൈനികര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വെറും ചെസ്സ് പീസുകളായിരുന്നു.

എന്നിട്ടും ആ ഗെയിമില്‍ നിങ്ങള്‍ തോറ്റു,” ഹാരി രാജകുമാരന്‍ ചെയ്തത് യുദ്ധക്കുറ്റക്കൃത്യമാണെന്നാരോപിച്ച് ഹഖാനി ട്വീറ്റ് ചെയ്തു.

”എന്റെ നമ്പര്‍ 25 ആണ്. ഇത് എന്നില്‍ സംതൃപ്തി നിറക്കുന്ന ഒരു സംഖ്യയല്ല, പക്ഷേ അതെന്നെ ലജ്ജിപ്പിക്കുന്നുമില്ല,” എന്നാണ് ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയില്‍ ഹാരി എഴുതിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഹാരിയുടെ ആത്മകഥയും അതിലെ പരാമര്‍ശങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായിട്ടും ബ്രിട്ടീഷ് രാജകുടുംബത്തിലെ ആരും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ താലിബാന്‍ സൈനികരെ കൊന്നതായുള്ള വെളിപ്പെടുത്തല്‍ ഹാരി രാജകുമാരന് തന്നെ വലിയ ഭീഷണിയാകുമെന്നാണ് ബ്രിട്ടനിലെ പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരം കാര്യങ്ങള്‍ ആത്മകഥയില്‍ എഴുതുന്നത് ബ്രിട്ടന്റെ സുരക്ഷയെ തന്നെ അപകടപ്പെടുത്തുമെന്ന് മുതിര്‍ന്ന ചില സൈനിക ഉദ്യോഗസ്ഥരും പ്രതികരിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ രണ്ട് സൈനിക ഡ്യൂട്ടി ടൂറുകളുടെ ഭാഗമായിരുന്നു ഹാരി രാജകുമാരന്‍. 2007-2008 കാലഘട്ടത്തില്‍ ഫോര്‍വേഡ് എയര്‍ കണ്‍ട്രോളറായിരുന്ന ഹാരി 2012-2013 കാലഘട്ടത്തില്‍ സൈനിക ഹെലികോപ്റ്ററിന്റെ ചുമതല വഹിക്കുകയും ചെയ്തിരുന്നു.

ഒരു പൈലറ്റെന്ന നിലയില്‍ ആറ് സൈനിക ദൗത്യങ്ങളുടെ ഭാഗമായിരുന്നുവെന്ന് തന്റെ ആത്മകഥയില്‍ ഹാരി പറയുന്നുണ്ട്. ഇതിനിടെയുണ്ടായ കൊലപാതങ്ങളില്‍ തനിക്ക് അഭിമാനമോ ലജ്ജയോ ഇല്ലെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ടെന്നും ഡെയ്‌ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

10 വര്‍ഷം ബ്രിട്ടീഷ് സൈന്യത്തില്‍ ഹാരി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Content Highlight: Taliban leader criticises Prince Harry over Afghan killings reference

We use cookies to give you the best possible experience. Learn more