കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങിവരാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍. കാബൂളിലെ വിമാനത്താവളത്തിലെത്തിയെ ഇന്ത്യക്കാരടങ്ങിയ സംഘത്തെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെയോടെയാണ് ഇന്ത്യക്കാരടക്കമുള്ളവര്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിലെത്തിയത്. ഇവരെ താലിബാന്‍ സംഘമെത്തി പിടിച്ചുകൊണ്ടുപോയെന്നാണ് കാബൂള്‍ നൗ എന്ന അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
താലിബാനികളില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞ വിവരങ്ങളാണ് തങ്ങള്‍ പങ്കുവെക്കുന്നതാണ് കാബൂള്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താലിബാന്‍ തട്ടിയെടുത്ത സംഘത്തില്‍ അഫ്ഗാന്‍ പൗരന്മാരും അഫ്ഗാനിലെ തന്നെ സിഖ് വംശജരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രക്ഷപ്പെട്ടയാള്‍ പറഞ്ഞു. എന്നാല്‍ കൂടുതലും ഇന്ത്യക്കാരാണെന്നാണ് ഇയാള്‍ പറയുന്നത്.
‘പുലര്‍ച്ചെ ഒരു മണിയോടെ എട്ട് മിനി വാനുകളിലായാണ് ഞങ്ങള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തിനകത്തേക്ക് കയറാന്‍ അവര്‍ അനുവദിച്ചില്ല,’ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത അഫ്ഗാന്‍ പൗരന്‍ പറഞ്ഞു.
നേരത്തെ അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിക്കരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് താലിബാന്‍ രംഗത്തുവന്നിട്ടുണ്ട്. ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് താലിബാന്‍ വക്താവ് അഹ്മദുള്ള വസേഖ് പറഞ്ഞത്.