കാബൂള്‍: ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍ (Maulana Masood Azhar) അഫ്ഗാനിസ്ഥാനിലുള്ളതെന്ന പാകിസ്ഥാന്റെ ആരോപണത്തെ നിഷേധിച്ച് താലിബാന്‍.
മൗലാന മസൂര്‍ അസ്ഹര്‍ അഫ്ഗാനിസ്ഥാനിലല്ല പാകിസ്ഥാനിലാണുള്ളതെന്നും താലിബാന്‍ വക്താവ് സബീയുല്ല മുജാഹിദ് (Zabiullah Mujahid) തിരിച്ചടിച്ചതായി അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മൗലാന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന് കത്തെഴുതിയ സാഹചര്യത്തിലാണ് താലിബാന്‍ വക്താവിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ (Nangarhar), കന്‍ഹാര്‍ (Kanhar) പ്രദേശങ്ങളില്‍ മൗലാന മസൂദ് അസ്ഹര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
”ജെയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ നേതാവ് ഇവിടെ അഫ്ഗാനിസ്ഥാനിലില്ല, ഇത് പാകിസ്ഥാനിലുണ്ടാകാവുന്ന ഒരു സംഘടനയാണ്.
എന്തായാലും, അയാള്‍ അഫ്ഗാനിസ്ഥാനിലില്ല, ആരും ഞങ്ങളോട് ഇതുപോലൊന്ന് ചോദിച്ചിട്ടില്ല. ഞങ്ങള്‍ ഇതിനെക്കുറിച്ച് വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ശരിയല്ല, എന്നതാണ് ഈ വിഷയത്തില്‍ ഞങ്ങളുടെ പ്രതികരണം,” പാകിസ്ഥാന്റെ കത്തിനോട് പ്രതികരിച്ച് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെ വളരെ മോശമായി ബാധിക്കാമെന്നായിരുന്നു വിഷയത്തില്‍ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
”യാതൊരു തെളിവുകളുമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു. ഇത്തരം മാധ്യമ വാര്‍ത്തകള്‍ നയതന്ത്ര ബന്ധങ്ങളെ മോശമായി ബാധിക്കാം,” താലിബാന്‍ വക്താവ് പറഞ്ഞു.
യു.എന്‍ ലിസ്റ്റിലുള്ള ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിരീക്ഷണ സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (Financial Action Task Force) പാകിസ്ഥാനെ നിര്‍ബന്ധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണം വരുന്നത്. ഇത്തരത്തില്‍ നടപടിയെടുക്കുകയാണെങ്കില്‍ യു.എന്നിന്റെ ഗ്രേ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാനെ നീക്കാനുള്ള സാധ്യതയും എഫ്.എ.ടി.എഫ് വാഗ്ദാനം ചെയ്തിരുന്നു.
Content Highlight: Taliban has denied that Jaish-e-Mohammad chief was in Afghanistan, and said he is in Pakistan