World News
'വ്യഭിചാരം'; സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് പ്രഖ്യാപിച്ച് താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 30, 04:50 am
Saturday, 30th March 2024, 10:20 am

കാബൂള്‍: വ്യഭിചാരത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് പ്രഖ്യാപിച്ച് താലിബാന്‍. സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പുനരാരംഭിക്കുകയാണെന്ന് താലിബാന്‍ നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ സ്റ്റേറ്റ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത ഒരു ഓഡിയോ സന്ദേശത്തില്‍ പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര സമൂഹം ഉന്നയിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്റെ ഇസ്‌ലാമിക ശരിയത്തിന്റെ വ്യാഖ്യാനത്തിന് എതിരാണെന്ന് അഖുന്ദ്‌സാദ പറഞ്ഞു. പാശ്ചാത്യ ജനാധിപത്യത്തിനെതിരായ താലിബാന്റെ പോരാട്ടം തുടരുമെന്നും അഖുന്ദ്‌സാദ വ്യക്തമാക്കി.

‘കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശ ലംഘനമാണെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങള്‍ ഉടന്‍ നടപ്പിലാക്കും. സ്ത്രീകളെ ഞങ്ങള്‍ പൊതുസ്ഥലത്ത് ചാട്ടവാറുകൊണ്ട് അടിക്കും, അവരെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലും,’ താലിബാന്‍ നേതാവ് പറഞ്ഞു.

കാബൂള്‍ പിടിച്ചടക്കിയതോടെ താലിബാന്‍ ശക്തി പ്രാപിച്ചെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളുവെന്നും അഖുന്ദ്സാദ കൂട്ടിച്ചേര്‍ത്തു.

അതേസമയം താലിബാന്റെ നിലപാടില്‍ ഐക്യരാഷ്ട്ര സഭ ശക്തമായി അപലപിച്ചു. ഇത്തരം നടപടികള്‍ പുനരാരംഭിക്കരുതെന്നും യു.എന്‍ സംഘടനയോട് ആവശ്യപ്പെട്ടു.

2021ല്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങള്‍ എന്നിവ നിഷേധിക്കപ്പെട്ടു. പെണ്‍കുട്ടികളെ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്നത് താലിബാന്‍ വിലക്കി. ഇതിനുപുറമെ 2022 ഡിസംബറില്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനം പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചു.

2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും 20 വര്‍ഷത്തിന് ശേഷം താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറുകയായിരുന്നു.

Content Highlight: Taliban has announced that women in Afghanistan will be stoned to death