പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് സ്‌കൂളുകള്‍ തുറന്ന് മണിക്കൂറുകള്‍ക്കകം വീണ്ടും അടച്ച് താലിബാന്‍. മാസങ്ങളായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍ തുറക്കുമെന്നും പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനത്തെ തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറന്നത്.
എന്നാല്‍ ആറാം ക്ലാസിനു മുകളിലുള്ള ക്ലാസുകളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ വരേണ്ടതില്ല എന്നാണ് താലിബാന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബക്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എല്ലാ ഗേള്‍സ് ഹൈസ്‌കൂളുകളും ആറാം ക്ലാസിന് മുകളില്‍ വിദ്യാര്‍ത്ഥിനികളുള്ള സ്‌കൂളുകളും അടുത്ത ഉത്തരവ് വരെ അടഞ്ഞുകിടക്കുമെന്ന് അറിയിക്കുന്നു,” വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
Girls in Afghanistan crying after they were promised their schools would reopen only for the Taliban to lock them out again at the last minute. pic.twitter.com/SuoEpNLz5B
പാശ്ചാത്യ പിന്തുണയുള്ള പ്രസിഡന്റ് അഷ്റഫ് ഘനിയുടെ സര്‍ക്കാരിനെ കീഴ്‌പ്പെടുത്തി താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം പതിനായിരക്കണക്കിന് ആളുകള്‍ രാജ്യം വിട്ട് പലായനം ചെയ്യുകയും തുടര്‍ന്ന് അധ്യാപകരുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം സമ്മതിച്ചിരുന്നു.
1996 മുതല്‍ 2001 വരെ അവസാനമായി താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോള്‍, സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ തൊഴിലിനും വിലക്കേര്‍പ്പെടുത്തിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമൊരുക്കുമെന്ന വാഗ്ദാനമാണ് താലിബാന്‍ നടത്തിയത്.