| Sunday, 26th December 2021, 12:52 pm

ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യമില്ലെന്ന് താലിബാന്‍; ബാലറ്റിന് പകരം ബുള്ളറ്റിലൂടെ ഭരണം നേടിയാല്‍ ഇങ്ങനെയിരിക്കുമെന്ന് അഫ്ഗാന്‍ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു. താലിബാന്‍ സര്‍ക്കാരിന്റെ പ്രതിനിധി തന്നെയാണ് ശനിയാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.

”ഇത്തരത്തില്‍ കമ്മീഷനുകള്‍ നിലനില്‍ക്കേണ്ടതോ പ്രവര്‍ത്തിക്കേണ്ടതോ ആയ ആവശ്യമില്ല,” താലിബാന്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു.

ഇന്‍ഡിപെന്‍ഡന്റ് ഇലക്ഷന്‍ കമ്മീഷന്‍, ഇന്‍ഡിപെന്‍ഡന്റ് ഇലക്ടറല്‍ കംപ്ലെയിന്‍സ് കമ്മീഷന്‍ എന്നിവയാണ് പിരിച്ചുവിട്ടത്.

”ഇത്തരം കമ്മീഷനുകളുടെ ആവശ്യമുണ്ടെന്ന് എന്നെങ്കിലും ഞങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഇസ്‌ലാമിക് എമിറേറ്റ് ഇവയെ പുനസ്ഥാപിക്കും,” കരിമി കൂട്ടിച്ചേര്‍ത്തു.

മുമ്പ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ അഫ്ഗാനില്‍ ഭരണം നടന്നിരുന്ന സമയത്ത് തെരഞ്ഞെടുപ്പിനും വോട്ടിങ്ങ് പ്രക്രിയക്കും നേതൃത്വം നല്‍കിയിരുന്നത് ഈ കമ്മീഷന്റെ പാനലായിരുന്നു.

2006ലാണ് അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്.

”അവര്‍ വളരെ പെട്ടെന്നാണ് ഈ തീരുമാനം എടുത്തത്. കമ്മീഷനെ പിരിച്ചുവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഈയൊരു ഘടന നിലനില്‍ക്കുന്നില്ലെങ്കില്‍ അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ ഒരുകാലത്തും അവസാനിക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. കാരണം തെരഞ്ഞെടുപ്പുകളുണ്ടാകില്ലല്ലോ,” പാനല്‍ തലവനായിരുന്ന ഔറംഗസേബ് എ.എഫ്.പിയോട് പ്രതികരിച്ചു.

”താലിബാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. എല്ലാ ജനാധിപത്യ പ്രക്രിയകള്‍ക്കും എതിരാണവര്‍. അവര്‍ ഭരണം കയ്യാളിയത് ബുള്ളറ്റുകളിലൂടെയാണ് ബാലറ്റിലൂടെയല്ല,” അഫ്ഗാനിലെ നാല് പ്രൊവിന്‍സുകളില്‍ ഗവര്‍ണറായിരുന്ന ഹാലിം ഫിദൈ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ മിനിസ്ട്രി ഓഫ് പീസ്, മിനിസ്ട്രി ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് എന്നിവയും താലിബാന്‍ സര്‍ക്കാര്‍ ഈയാഴ്ച പിരിച്ചുവിട്ടിട്ടുണ്ടെന്ന് വക്താവ് കരിമി വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മിനിസ്ട്രി ഓഫ് വിമന്‍ അഫയേഴ്‌സും നേരത്തെ പിരിച്ചുവിട്ടിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15നായിരുന്നു താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തത്. അതിന് മുമ്പ് തന്നെ നാറ്റോ സൈന്യം അവിടെ നിന്നും പിന്മാറ്റം തുടങ്ങിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Taliban dissolves Afghan’s election commission

We use cookies to give you the best possible experience. Learn more