കാബൂള്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും സ്വതന്ത്ര ഫിലിംമേക്കറുമായ ഐവര്‍ ഷിയററിനെയും (Ivor Shearer) അഫ്ഗാനി പ്രൊഡ്യൂസറായ ഫൈസുല്ല ഫൈസ്ബക്ഷിനെയും (Faizullah Faizbakhsh) അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം തടങ്കലില്‍ വെച്ചതായി റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷെര്‍പൂര്‍ (Sherpur) പ്രദേശത്ത് ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇരുവരെയും താലിബാന്‍ സേന പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി യു.എസിന്റെ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ട സ്ഥലമായിരുന്നു ഇത്.
അതിനാല്‍ പ്രദേശത്ത് താലിബാന്‍ സൈന്യത്തിന്റെ വിന്യാസവും വര്‍ധിപ്പിച്ചിരുന്നു. ഷൂട്ട് ചെയ്യാനെത്തിയ ഇരുവരെയും താലിബാന്‍ തടയുകയായിരുന്നു.
കമ്മിറ്റീ ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് (Committee to Protect Journalists- CPJ) ആണ് ഷിയററിനെയും ഫൈസ്ബക്ഷിനെയും കസ്റ്റഡിയിലെടുത്ത വിവരം പുറത്തുവിട്ടത്.
‘താലിബാന്‍ ഗാര്‍ഡുമാര്‍ ഷിയററിന്റെയും ഫൈസ്ബക്ഷിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുകയും അവരുടെ വര്‍ക്ക് പെര്‍മിറ്റ്, ഐ.ഡി കാര്‍ഡുകള്‍, പാസ്പോര്‍ട്ടുകള്‍ എന്നിവ പരിശോധിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ സെല്‍ഫോണുകള്‍ താലിബാന്‍ പിടിച്ചെടുത്തു.
രണ്ട് മണിക്കൂര്‍ ഇവരെ താലിബാന്‍ തടഞ്ഞുവച്ചു, ‘അമേരിക്കന്‍ ചാരന്മാര്‍’ എന്ന് ആവര്‍ത്തിച്ച് പരാമര്‍ശിച്ചു,” സി.പി.ജെ വ്യക്തമാക്കി.
താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാന്‍ ഇന്റലിജന്‍സിനെ വിളിച്ചുവെന്നും 50ഓളം സായുധ ഇന്റലിജന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഷിയററിനെയും ഫൈസ്ബക്ഷിനെയും കണ്ണുകള്‍ കെട്ടി അജ്ഞാത സ്ഥലത്തേക്ക് മാറ്റിയെന്നും കേസുമായി ബന്ധമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ സി.പി.ജെയോട് പറഞ്ഞു.
ഐവര്‍ ഷിയററിനെയും ഫൈസുല്ല ഫൈസ്ബക്ഷിനെയും ഉടന്‍ മോചിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മീഡിയ വാച്ച്‌ഡോഗ്.
മാധ്യമപ്രവര്‍ത്തകരെ തടവിലിടുന്ന രീതി താലിബാന്‍ ഉടന്‍ നിര്‍ത്തണമെന്നും സംഘടന പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഒരു മാസത്തെ വിസയില്‍ ഐവര്‍ ഷിയറെര്‍ ഡോക്യുമെന്ററി ചിത്രീകരണത്തിന് വേണ്ടി അഫ്ഗാനിലെത്തിയത്. താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വര്‍ക്ക് പെര്‍മിറ്റും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
Content Highlight: Taliban detained American filmmaker and Afghan producer in Kabul while Shooting