| Thursday, 15th August 2024, 8:11 pm

താലിബാൻ നിഷേധിച്ചത് 1.4 ദശലക്ഷം പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം; യുനെസ്കോ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ; മൂന്ന് വർഷത്തിനിടെ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ നിഷേധിച്ചത് കുറഞ്ഞത് 1 .4 ദശലക്ഷം പെൺകുട്ടികളുടെ വിദ്യാഭ്യാസമെന്ന് യുനെസ്കോ റിപ്പോർട്ട്.

2021ൽ അധികാരമേറ്റ താലിബാൻ ആറാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയായിരുന്നു. ശരിഅത്തോ ഇസ്‌ലാമിക നിയമങ്ങളോ പെൺകുട്ടികളുടെ വിദ്യാഭ്യാസം അനുവദിക്കുന്നില്ലെന്നായിരുന്നു ഇതിനെതിരെയുള്ള താലിബാന്റെ വാദം.

പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി ക്ലാസ് മുറികളും ക്യാമ്പസുകളും വീണ്ടും തുറക്കുമെന്ന് താലിബാൻ പറഞ്ഞിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ സൂചനകളൊന്നും അവർ ഇതുവരെയും സ്വീകരിച്ചിട്ടില്ല.

അധികാരം ഏറ്റെടുത്തതിനുശേഷം കുറഞ്ഞത് 1.4 ദശലക്ഷം പെൺകുട്ടികൾക്കെങ്കിലും സെക്കൻഡറി വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ബോധപൂർവം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് യുനെസ്കോ പറഞ്ഞു. 2023 ഏപ്രിൽ ആകുമ്പോൾ അതിൽ 3,00,000 പേരുടെ കൂടി വർധനവുണ്ടായിട്ടുണ്ട്.

നിരോധനം നിലവിൽ വരുന്നതിന് മുമ്പ് തന്നെ സ്‌കൂളിന് പുറത്തായിരുന്ന പെൺകുട്ടികളെ കൂടി ചേർത്താൽ രാജ്യത്ത് ഇപ്പോൾ ഏകദേശം 2.5 ദശലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിട്ടുണ്ട്.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരമേറ്റതിനുശേഷം പ്രാഥമിക വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനവും കുറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. യുനെസ്കോയുടെ കണക്കുകൾ പ്രകാരം 1.1 ദശലക്ഷം ആൺകുട്ടികളും സ്കൂൾ വിദ്യാഭ്യാസം നിർത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയിൽ രണ്ട് പതിറ്റാണ്ടുകൊണ്ട് ഉണ്ടായ പുരോഗതി അധികാരികൾ ഏതാണ്ട് തുടച്ചുനീക്കി എന്ന് യു.എൻ ഏജൻസി പറഞ്ഞു. ‘മുഴുവൻ തലമുറയുടെയും ഭാവി ഇപ്പോൾ അപകടത്തിലാണെന്നും യുനെസ്കോ കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിൽ 2022ൽ പ്രൈമറി സ്കൂളിൽ 5.7 ദശലക്ഷം പെൺകുട്ടികളും ആൺകുട്ടികളുമുണ്ടായിരുന്നു, 2019 ൽ ഇത് 6.8 ദശലക്ഷമായിരുന്നു. ആൺകുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്ന് വനിതാ അധ്യാപകരെ വിലക്കാനുള്ള താലിബാൻ തീരുമാനത്തിൻ്റെ ഫലമാണ് കുട്ടികളുടെ വരവിൽ ഇടിവുണ്ടായതെന്നും യുനെസ്കോ പറഞ്ഞു. എന്നാൽ വർധിച്ചുവരുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയിൽ കുട്ടികളെ സ്‌കൂളിൽ അയയ്‌ക്കാൻ മാതാപിതാക്കൾ വിമുഖത കാണിക്കുന്നു എന്നത് മറ്റൊരു കാരണം കൂടിയാണ്.

വർധിച്ചുവരുന്ന ഈ കൊഴിഞ്ഞുപോക്കിലും അതിന്റെ അനന്തരഫലങ്ങളിലും യുനെസ്കോ ആശങ്കാകുലരാണ്. ഇത് ബാലവേലയും ശൈശവ വിവാഹവും വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും യുനെസ്‌കോ പറഞ്ഞു. സ്ത്രീകളുടെ സെക്കന്ററി സ്കൂൾ വിദ്യഭ്യാസവും കോളേജ് വിദ്യഭ്യാസവും തടയുന്ന ലോകത്തിലെ ഏക രാജ്യം അഫ്‌ഗാനിസ്ഥാൻ മാത്രമാണെന്നും യുനെസ്കോ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പഠനം പുനരാരംഭിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം അണിനിരക്കണമെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോല അഭ്യർത്ഥിച്ചു.

Content Highlight: Taliban ‘deliberately deprived’ 1.4 million girls of schooling:

We use cookies to give you the best possible experience. Learn more