| Monday, 29th August 2022, 8:50 am

നിങ്ങളുടെ വ്യോമപാത ഉപയോഗിച്ച് അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ തടയൂ; പാകിസ്ഥാനോട് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാന് നേരെ ഈയിടെ നടന്ന ഡ്രോണാക്രമണങ്ങളില്‍ പാകിസ്ഥാനെ പഴിചാരി താലിബാന്‍ മന്ത്രി.

താലിബാന്‍ സര്‍ക്കാര്‍ ഇടക്കാല പ്രതിരോധ വകുപ്പ് മന്ത്രിയായ മുല്ല യാഖൂബ് ആണ് പാകിസ്ഥാനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാന്‍ അവര്‍ യു.എസിന് അനുവാദം നല്‍കി എന്നാണ് ആരോപണം.

അഫ്ഗാനില്‍ ആക്രമണം നടത്തുന്ന യു.എസ് ഡ്രോണുകള്‍ പാകിസ്ഥാന്‍ വഴിയാണ് എത്തുന്നതെന്നും പാകിസ്ഥാന്റെ വ്യോമപാത ഇത്തരം കാര്യങ്ങള്‍ അനുവദിക്കുന്നത് തടയണമെന്നുമാണ് മുല്ല യാഖൂബ് പ്രതികരിച്ചത്.

”പാകിസ്ഥാനിലൂടെയാണ് യു.എസ് ഡ്രോണുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കുന്നത്, എന്ന് ഞങ്ങളുടെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍ അവരുടെ വ്യോമപാത ഇത്തരം കാര്യങ്ങള്‍ക്ക് അനുവദിക്കരുത്, ഞങ്ങള്‍ക്കെതിരെ അത് ഉപയോഗിക്കരുത്, എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,” മുല്ല യാഖൂബ് പറഞ്ഞു. പത്രസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം യു.എസ് സേന അഫ്ഗാന്‍ വിട്ടതിന് പിന്നാലെ രാജ്യത്തെ അമേരിക്കക്കാരെ ഒഴിപ്പിച്ച സമയത്ത് തങ്ങളുടെ രാജ്യത്തിന്റെ റഡാര്‍ സംവിധാനം തകര്‍ക്കപ്പെട്ടുവെന്നും മുല്ല യാഖൂബ് ആരോപിക്കുന്നു.

അഫ്ഗാനിസ്ഥാന്റെ എയര്‍സ്‌പേസ് നിരീക്ഷിക്കുന്നതിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നത് രാജ്യാതിര്‍ത്തികളുടെ കൃത്യമായ ലംഘനമാണെന്നും താലിബാന്‍ മന്ത്രി ആവര്‍ത്തിച്ചു.

എന്നാല്‍ മുല്ല യാഖൂബിന്റെ ആരോപണങ്ങളെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ബൂട്ടോ സര്‍ദാരി നിഷേധിച്ചിട്ടുണ്ട്.

അല്‍ ഖ്വയിദ തലവനായിരുന്ന അയ്മന്‍ അല്‍ സവാഹിരിയെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വെച്ച് ഡ്രോണാക്രമണത്തിലൂടെ വധിച്ചുവെന്ന് യു.എസ് അവകാശപ്പെട്ടിരുന്നു. ഈ ആക്രമണത്തിലും തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നേരത്തെ പാകിസ്ഥാന്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Taliban defense minister accuses Pakistan of allowing U.S. drones to use its airspace

We use cookies to give you the best possible experience. Learn more