കാബൂള്‍: നിരന്തര ആക്രമണങ്ങളിലൂടെ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന താലിബാന്‍ രാജ്യത്തെ പ്രധാന റേഡിയോ സ്‌റ്റേഷന്‍ കയ്യടക്കി. താലിബാന്‍ തന്നെ പുറത്തുവിട്ട വീഡിയോയിലാണ് സ്‌റ്റേഷന്‍ പിടിച്ചെടുത്തതായി അവകാശപ്പെടുന്നത്.
സ്റ്റേഷന്റെ പേര് ‘വോയ്‌സ് ഓഫ് ശരീഅ’ എന്നാക്കി മാറ്റിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വാര്‍ത്തകളും രാഷ്ട്രീയ വിശകലനങ്ങളും സ്റ്റേഷനില്‍ നിന്നും സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ച താലിബാന്‍ ഖുര്‍ആന്‍ പാരായണവുമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
സ്റ്റേഷനില്‍ നിന്നും ഇനി മുതല്‍ പാട്ടുകളോ മറ്റു സംഗീത പരിപാടികളോ സംപ്രേക്ഷണം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഷനിലെ നിലവിലെ ജീവനക്കാരെ താലിബാന്‍ പുറത്താക്കിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മൊബൈല്‍ റേഡിയോ സ്‌റ്റേഷനുകളുമായിട്ടായിരുന്നു താലിബാന്‍ ഇത്രയും നാളും പ്രവര്‍ത്തിച്ചിരുന്നത്. ഇതാദ്യമായിട്ടാണ് ഒരു പ്രധാന നഗരത്തിലെ റേഡിയോ സ്‌റ്റേഷന്‍ താലിബാന്റെ പരിധിയില്‍ വരുന്നത്.
1996 മുതല്‍ 2001 വരെ അധികാരത്തിലുണ്ടായിരുന്ന സമയത്ത് കാണ്ഡഹാറില്‍ നിന്നും വോയ്‌സ് ഓഫ് ശരീഅ എന്ന പേരില്‍ തന്നെ മറ്റൊരു
റേഡിയോ സ്‌റ്റേഷന്‍ താലിബാന്‍ നടത്തിയിരുന്നു. അന്ന് സംഗീതപരിപാടികള്‍ റദ്ദാക്കിയിരുന്നു.
നിലവില്‍ അഫ്ഗാനിലെ 18 പ്രധാന പ്രവിശ്യകള്‍ താലിബാന്‍ കീഴടക്കി കഴിഞ്ഞു. തലസ്ഥാന നഗരമായ കാബൂളിനടുത്തുള്ള പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളെല്ലാം ആരംഭിച്ചു കഴിഞ്ഞു.
സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്.