കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീടുകള്‍ തോറും കയറിയിറങ്ങി തിരച്ചില്‍ നടത്തി താലിബാന്‍. എന്നാല്‍ തങ്ങള്‍ നടത്തുന്നത് ക്ലിയറിങ് ഓപ്പറേഷനാണ് എന്നാണ് താലിബാന്റെ വാദം.
ഇതിനോടകം നടത്തിയ തിരച്ചിലുകളില്‍ നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പലയിടങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ടെന്നും താലിബാന്‍ വക്താക്കള്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് മുമ്പുള്ള അഫ്ഗാനിലെ സര്‍ക്കാരുമായും അമേരിക്കയുടെ നേതൃത്വത്തിലുണ്ടായിരുന്ന നാറ്റോ സേനയുമായും ഇപ്പോഴും ആഭിമുഖ്യം പുലര്‍ത്തുന്നവരെ കണ്ടെത്താനാണ് തിരച്ചില്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍.
ക്രിമിനലുകളെ പിടിക്കാനാണ് വീടുകളില്‍ ‘ക്ലിയറന്‍സ്’ നടത്തുന്നതെന്ന് താലിബാന്‍ വക്താവ് സബിയുല്ലാ മുജാഹിദ് ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.