കാബൂള്‍: ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ ഗ്രൂപ്പായ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.ഐ.എസ് – കെ) വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് സമീപം നടത്തിയ ചാവേര്‍ ആക്രമണത്തിനു പിന്നാലെ വാക്‌പോരിലേര്‍പ്പെട്ട് താലിബാനും അമേരിക്കയും.
ആക്രമണത്തില്‍ ഐ.എസിനെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക തിരിച്ചടിക്കുക കൂടി ചെയ്തതാണ് ഇപ്പോള്‍ താലിബാനെ ചൊടിപ്പിച്ചിരിക്കുന്നത്.
”ഇക്കഴിഞ്ഞ ആക്രമണം അവസാനത്തേതായിരുന്നില്ല. കാബൂള്‍ ആക്രമണത്തിന് പിന്നിലുള്ള ഓരോ ആളുകളെയും ഞങ്ങള്‍ വീഴ്ത്തും,” അഫ്ഗാനിസ്ഥാനിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ഐ.എസ്.ഐ.എസ് പ്രദേശങ്ങളില്‍ അമേരിക്കന്‍ പ്രതിരോധ സേന ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ജോ ബൈഡന്‍ പറഞ്ഞു.
നന്‍ഗര്‍ പ്രവിശ്യയില്‍ ആക്രമണം നടത്തിയെന്നും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട 2 ഐ.എസ്.കെ.പി ഭീകരരെ വധിച്ചെന്നും അമേരിക്കന്‍ സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ബില്‍ അര്‍ബന്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഐ.എസ്.കെ.പിക്ക് നേരെ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായ ഭാഷയിലാണ് താലിബാന്‍ വിമര്‍ശിച്ചത്. തങ്ങളുടെ അധീനതയിലുള്ള അഫ്ഗാന്‍ പ്രദേശങ്ങള്‍ക്ക് നേരെ നടന്ന ആക്രമണമായിരുന്നു അതെന്നാണ് താലിബാന്‍ ഭാഷ്യം.
അതേസമയം ഐ.എസ്.കെ.പിക്കെതിരെ അമേരിക്ക ഇനിയും പ്രത്യാക്രമണം നടത്തുമെന്ന് വ്യക്തമാക്കിയ ബൈഡന്‍ കാബൂളില്‍ വരും മണിക്കൂറുകളില്‍ ഐ.എസ്.കെ.പി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നല്‍കി.
”വരുന്ന 24-36 മണിക്കൂറിനുള്ളില്‍ അടുത്ത ഒരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നമ്മുടെ കമാന്‍ഡര്‍മാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ രീതിയിലും സുരക്ഷയൊരുക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്,” ബൈഡന്‍ പറഞ്ഞു.
കാബൂളിലെ ചാവേര്‍ ബോംബാക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികരടക്കം 175 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസിന്റെ അഫ്ഗാനിസ്ഥാനിലെ ഗ്രൂപ്പായ ഐ.എസ്.കെ.പി ഏറ്റെടുക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ സേനയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെയും വിവര്‍ത്തകരെയുമാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നാണ് ഐ.എസ് അറിയിച്ചിരുന്നത്.
2011ല്‍ 30 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം, അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ യു.എസ് സൈനികര്‍ കൊല്ലപ്പെട്ടത് കാബൂള്‍ ആക്രമണത്തിലായിരുന്നു.
കാബൂളിലെ ആക്രമണങ്ങള്‍ നടത്തുന്നതില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി താലിബാന്‍ ഒത്തുകളിച്ചതിന് തെളിവുകളൊന്നും കണ്ടില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നില്‍ ഐ.എസാണെന്നും സ്‌ഫോടനത്തില്‍ തങ്ങളുടെ അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും താലിബാന്‍ സ്ഥിതീകരിച്ചിരുന്നു. നേരത്തെ പ്രദേശത്ത് സ്വാധീനം നഷ്ടപ്പെട്ട ഐ.എസ് 2019ലാണ് ശക്തമായ തിരിച്ചുവരവ് നടത്താന്‍ തുടങ്ങിയത്.